'ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ല'; സര്‍ക്കാര്‍ വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി
'ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ല'; സര്‍ക്കാര്‍ വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്കൊപ്പം തന്നെയാണ് സര്‍ക്കാര്‍. ഒരു വര്‍ഷംമുമ്പ് അവര്‍ വന്നുകണ്ടപ്പോള്‍ ഇക്കാര്യം ഉറപ്പ് നല്‍കിയതാണ്. ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ലെന്നും ഉറപ്പ് പാലിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമ പോരാട്ടമാണ് പ്രധാനം. സര്‍ക്കാര്‍ തന്നെയാണ് അതിന് മുന്‍കൈ എടുക്കുന്നത്. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസില്‍ വെറുതെവിട്ട പ്രതികളെ അറസ്റ്റുചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂര്‍വമായ ഇടപെടല്‍ നടത്തിയത്. 

വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസില്‍ മറ്റൊരു അന്വേഷണം നടത്താന്‍ നിയമപരമായി സാധിക്കില്ല. എന്നാല്‍ പുനര്‍വിചാരണ സാധ്യമാകുന്നപക്ഷം തുടരന്വേഷണവും സാധ്യമാകും. ഇതിനു വേണ്ടിയുള്ള പരിശ്രമമാണ് നടത്തുന്നത്. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തുനില്‍ക്കുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അര്‍ജെന്റ് മെമ്മോ ഫയല്‍ചെയ്തു. നവംബര്‍ ഒമ്പതിന് കേസ് ഹൈക്കോടതി പരിഗണിക്കും. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും. 

കേസിന്റെ വിചാരണ വേളയില്‍ ഉണ്ടായ വീഴ്ചകള്‍ പരിശോധിക്കാന്‍ വിരമിച്ച ജില്ലാ ജഡ്ജി പി.കെ ഹനീഫയെ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ലഭിച്ച റിപ്പോര്‍ട്ട് നടപടി കുറിപ്പുകളോടെ നിയമസഭയുടെ മേശപ്പുറത്തുവച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിനിര്‍ത്തി. കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാവ് ഇന്നും പറഞ്ഞു. നീതി ലഭ്യമാക്കാന്‍ ഇനിയും ഇടപെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com