ഹാഥ്‌രസും വാളയാറും തമ്മില്‍ എന്തു വ്യത്യാസം?; കേരളം ഭരിക്കുന്നത് കണ്ണു തുറക്കാത്ത സര്‍ക്കാര്‍: ചെന്നിത്തല

സമരപ്പന്തലിന് അടുത്ത് വരെ വന്ന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. എന്തിനുവേണ്ടിയുളള സമരമാണ് ഇതെന്നാണ്  മന്ത്രി ചോദിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: ഹാഥ്‌രസിലും വാളയാറിലും നടന്നത് ഭരണകൂട ഭീകരതാണെന്നും രണ്ടു തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂട ഭീകരതയ്‌ക്കെതിരേ കേരളം ഉണര്‍ന്നു ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് ചെന്നിത്തല പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വാളയാര്‍ വിഷയം പല തവണ യുഡിഎഫ് നിയമസഭയില്‍ ഉന്നയിച്ചതാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കണ്ണുതുറക്കാത്ത ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. ഇവരുടെ വേദന കാണാന്‍ ആരുമില്ല. ഹാഥ്‌റസും വാളയാറും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടും ഭരണകൂട ഭീകരതയാണ്. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം- ചെന്നിത്തല പറഞ്ഞു.

പോക്‌സോ കേസുകള്‍ അട്ടിമറിക്കുന്ന, പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ സമരത്തിലൂടെ കാണുന്നത്. കഴിഞ്ഞദിവസം സമരപ്പന്തലിന് അടുത്ത് വരെ വന്ന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. എന്തിനുവേണ്ടിയുളള സമരമാണ് ഇതെന്നാണ്  മന്ത്രി ചോദിക്കുന്നത്. അദ്ദേഹത്തിന് അതുപോലും ഓര്‍മയില്ല.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വാളയാര്‍ കേസില്‍ ഉത്തരവാദികളായവര്‍ സര്‍വീസിലുണ്ടാകില്ലെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com