'അച്ഛൻ മരിച്ചതിന് തൊട്ടു മുൻപ് അമ്മ പാൽ നൽകി'; ബിജുവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് പരാതി; കല്ലറ തുറന്നു

ഇളയ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടര വർഷത്തിനുശേഷം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയ്ക്ക് സമീപത്തെ ബിജുവിന്റെ കുഴിമാടം പൊളിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി
'അച്ഛൻ മരിച്ചതിന് തൊട്ടു മുൻപ് അമ്മ പാൽ നൽകി'; ബിജുവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് പരാതി; കല്ലറ തുറന്നു

തിരുവനന്തപുരം; രണ്ടര വർഷം മുൻപ് ഭാര്യവീട്ടിൽവച്ചുണ്ടായ ബിജുവിന്റെ മരണ കൊലപാതകമെന്ന് വീട്ടുകാരുടെ പരാതി. ഭാര്യയും കാമുകനും ചേർന്ന് ബിജുവിനെ കൊലപ്പെടുത്തിയതാകാം എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇളയ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടര വർഷത്തിനുശേഷം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയ്ക്ക് സമീപത്തെ ബിജുവിന്റെ കുഴിമാടം പൊളിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി.

സംഭവം നടന്ന ദിവസം അച്ഛന് അമ്മ പാൽ കൊടുത്തിരുന്നെന്നും അതിന് പിന്നാലെയാണ് ഹൃദയസ്തംഭനം വന്നതെന്നുമാണ് കുഞ്ഞിന്റെ മൊഴി. 2018 മേയ് 23-നാണ് മണക്കാട് കല്ലാട്ടുമുക്ക് പൗർണമി നഗർ സെക്കന്റ് സ്ട്രീറ്റിൽ ബി.ആർ.ബിജു(38) ഭാര്യവീടായ തൊടുപുഴയിൽ വെച്ച് മരിച്ചത്. ബിജുവിന്റെ മരണത്തിന് പിന്നാലെ മൂത്തമകൻ ഏഴുവയസ്സുകാരൻ ആര്യൻ അമ്മയുടെ കാമുകന്റെ ക്രൂരമർദനത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ബന്ധുവും ബിജുവിന്റെ ഭാര്യയുടെ സുഹൃത്തുമായ അരുൺ ആനന്ദ് ജയിലിലാണ്. ഇതിനിടെയാണ് ബിജുവിന്റെ മരണവും കൊലപാതകമായിരിക്കാമെന്ന് സംശയിക്കുന്നത്.

ആലുവ ടെക്‌നോപാർക്കിലെ പ്രോഗ്രാമറായിരുന്ന ബിജു ഭാര്യ അഞ്ജന ദിനേശിനും മക്കളായ ആര്യൻ, ആരുഷ് എന്നിവർക്കൊപ്പം കരിമണ്ണൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. വീട്ടിൽവെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട ബിജുവിനെ‌ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തൊടുപുഴ താലൂക്ക്‌ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്‌ത ശേഷമാണ്‌ നെയ്യാറ്റിൻകരയിൽ കൊണ്ടുപോയി സംസ്‌കരിച്ചത്‌. ബിജുവിന് പാലിൽ വിഷം കലർത്തി നൽകിയിരിക്കാമെന്നാണ് ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ്  കുടുംബവീടായ അരങ്കമുകൾ ഇലവിൻമൂട് ചിത്തിരംപഴിഞ്ഞിയിലെ കല്ലറ തുറന്നത്. 

കഴിഞ്ഞ വർഷം മാർച്ച് 27-ന് തൊടുപുഴയിലെ വീട്ടിൽ വെച്ച് അരുൺ ആനന്ദ് ഏഴു വയസ്സുകാരൻ ആര്യനെ ഭിത്തിയിലടിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ആര്യൻ ഏപ്രിൽ ആറിന് മരിച്ചു. ഈ കേസിൽ അരുൺ ആനന്ദിനെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അരുൺ ആനന്ദ് ഇപ്പോൾ ജയിലിലാണ്. ഈ കേസിൽ തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് അഞ്ജനയെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർ കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.ഇൗ സംഭവത്തിന് ശേഷമാണ് ബിജുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ബിജുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com