നിയമസഭാ കൈയാങ്കളി കേസിന് സ്റ്റേയില്ല; ഇപി ജയരാജനും ജലീലും നാളെ വിചാരണക്കെത്തണം

നിയമസഭാ കൈയാങ്കളി കേസിന് സ്റ്റേയില്ല; ഇപി ജയരാജനും ജലീലും നാളെ വിചാരണക്കെത്തണം
നിയമസഭാ കൈയാങ്കളി കേസിന് സ്റ്റേയില്ല; ഇപി ജയരാജനും ജലീലും നാളെ വിചാരണക്കെത്തണം

കൊച്ചി: 2015ലെ നിയമസഭാ കൈയാങ്കളിയുമായി ബന്ധപ്പെട്ട കൈയാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ മന്ത്രിമാരായ കെടി ജലീലും ഇപി ജയരാജനും നാളെ വിചാരണ കോടതിയില്‍ ഹാജരാകണം. കേസില്‍ അന്നത്തെ എംഎല്‍എമാരായിരുന്ന ഇപി ജയരാജന്‍ കെടി ജലീല്‍ എന്നിവര്‍ക്കെതിരേ പൊതു മുതല്‍ നശിപ്പിച്ചതിന് കേസെടുത്തിരുന്നു. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇവര്‍ക്കെതിരായ കേസ് ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കി. 

എന്നാല്‍ വിചാരണ കോടതി കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണാ നടപടികള്‍ തുടരണമെന്നുമുള്ള നിര്‍ദേശമാണ് മുന്നോട്ടു വെച്ചത്. ബുധനാഴ്ച എംഎല്‍എമാരും മന്ത്രിമാരും കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശവും വെച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് മന്ത്രിമാരോട് നാളെ ഹാജരാകാനുള്ള വിചാരണ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടത്. 

ഒപ്പം തന്നെ കേസ് റദ്ദാക്കാനാകില്ലെന്ന തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീലും നല്‍കി. സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അത് തടയാന്‍ കോടതിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com