വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കം അപലപനീയം; സംവരണം കൊണ്ടുവരുന്നതില്‍ ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്ന് സിപിഎം

പുതിയ രീതി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തുകയും ചെയ്യുമെന്ന് സിപിഎം
വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കം അപലപനീയം; സംവരണം കൊണ്ടുവരുന്നതില്‍ ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്ന് സിപിഎം

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സിപിഎം. നിലവിലുള്ള സംവരണാനുകൂല്യങ്ങളില്‍ കുറവൊന്നും വരുത്താതെയാണ് മുന്നോക്ക സംവരണം നടപ്പിലാക്കുന്നത്. ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി. ഇതില്‍ 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങള്‍ക്കും പത്തു ശതമാനം മുന്നോക്ക വിഭാഗങ്ങള്‍ക്കുമായിരിക്കും. ഈ പുതിയ രീതി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തുകയും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സംവരണ പ്രശ്‌നത്തില്‍ സിപിഎമ്മിന് സുവിദിതമായ നിലപാടുണ്ട്. പിന്നോക്കക്കാരിലെ സംവരണത്തിന് സാമ്പത്തികമായി പുറകില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിലപാട് സിപിഎം ആദ്യമേ സ്വീകരിച്ചിരുന്നു. ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ ഇല്ലാതെ വന്നാല്‍ അതേ വിഭാഗത്തില്‍പ്പെട്ട ക്രീമിലെയറുകാരെയും പരിഗണിക്കാന്‍ ആവശ്യമായ ഭരണഘടന ഭേദഗതി വരുത്തണം എന്നും ആവശ്യപ്പെട്ടു. രാജ്യത്ത് മുതലാളിത്ത നയം നടപ്പിലാക്കുന്നതിന്റെ കൂടി ഭാഗമായി മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കുന്നതിനായും ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാര്‍ടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു. ആ കാഴ്ചപ്പാടിന് അനുസൃതമായാണ് ഭരണഘടന ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്.

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫും 2011ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുന്നോക്ക സംവരണം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി മുസ്ലീംലീഗ്, ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com