ശിവശങ്കര്‍ കേസില്‍ അഞ്ചാം പ്രതി; ഒരാഴ്ച ഇഡി കസ്റ്റഡിയില്‍

ശിവശങ്കറിനെ രണ്ടാഴ്ച കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിച്ചില്ല
ശിവശങ്കര്‍ കേസില്‍ അഞ്ചാം പ്രതി; ഒരാഴ്ച ഇഡി കസ്റ്റഡിയില്‍

കൊച്ചി: നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിസന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. 

ശിവശങ്കറിനെ രണ്ടാഴ്ച കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിച്ചില്ല. ചോദ്യം ചെയ്യലിനിടെ ശിവശങ്കറിന് വിശ്രമം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. ഒന്‍പതു മണി മുതല്‍ ആറു മണി വരെയേ ചോദ്യം ചെയ്യാവൂ. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യുമ്പോള്‍ ഒരു മണിക്കൂര്‍ വിശ്രമം ഉറപ്പാക്കണം. കസ്റ്റഡിയില്‍ ബന്ധുക്കളെ കാണാനും കോടതി ശിവശങ്കറിനെ അനുവദിച്ചു.

ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ശിവശങ്കറിനെ രാവിലെ പത്തോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. തനിക്കു കടുത്ത നടുവേദനയുണ്ടെന്നും ഇതു പരിഗണിക്കാതെ ഇഡി ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. 

സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ചായും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.

ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു ശിവശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇടപെടാന്‍ സ്വപ്‌ന ആവശ്യപ്പെട്ടെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകിട്ടും എന്നാണ് താന്‍ അറിയിച്ചതെന്നാണ് വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ പറഞ്ഞത്. സ്വപ്‌നയുടെ മൊഴിയും ഇത്തരത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇഡി അറസ്റ്റ് മെമ്മോയില്‍ പറയുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ഹൈക്കോടതിയിലും ഇഡി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ കസ്റ്റംസ് വാദത്തിനിടെ ഇത്തരമൊരു വാദം ഉന്നയിച്ചില്ല.

സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് ശിവശങ്കര്‍ ആയിരുന്നെന്ന് അറസ്റ്റ് മെമ്മോ പറയുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴിയായിരുന്നു ഇത്. കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നു സംശയമുണ്ട്. ചോദ്യം ചെയ്യലില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ശിവശങ്കര്‍ നല്‍കിയതെന്നും ഇഡി പറയുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്ത് സംഘത്തെ സഹായിക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. പല തവണ സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്‌തെന്ന് ഇഡി മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com