തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍; നവംബര്‍ 11ന് ശേഷം തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തില്‍

തദ്ദേശഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് പക്രിയ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍; നവംബര്‍ 11ന് ശേഷം തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തില്‍

തിരുവനന്തപുരം:  തദ്ദേശഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് പക്രിയ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 11 ന് ശേഷം തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും. നവംബര്‍ 11നു മുന്‍പ് തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നതിനാല്‍ നീട്ടിവയ്ക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച കമ്മിഷന്റെ ഉത്തരവും കത്തും സര്‍ക്കാരിനു കൈമാറി. നടപടിക്രമങ്ങളുടെ വിശദ തീയതി പിന്നീടു പ്രഖ്യാപിക്കും.

പകര്‍ച്ചവ്യാധികള്‍ പോലുള്ള അപൂര്‍വ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ കമ്മിഷനുള്ള അധികാരം ഉപയോഗിച്ചാണു നടപടി. ഇതോടെ, നവംബര്‍ 11നു ശേഷം മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും. മട്ടന്നൂരില്‍ മറ്റൊരു ഭരണകാലാവധി ആയതിനാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല. 

ഉദ്യോഗസ്ഥ ഭരണം സംബന്ധിച്ച തീരുമാനം നവംബര്‍ 4നു മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാകും നടപടി. ഇതനുസരിച്ച് 14 ജില്ലാ പഞ്ചായത്തുകളും 6 കോര്‍പറേഷനുകളും കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളാകും ഭരിക്കുക. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതതു സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലാകും ഭരണം. ഇവര്‍ക്കു പുറമേ 2 ഉദ്യോഗസ്ഥര്‍ കൂടി സമിതിയിലുണ്ടായേക്കും.

തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 2 ദിവസം കൂടി അവസരം. www.lsgelection.kerala.gov.in വെബ്‌സൈറ്റ് വഴിയാണു പേരു ചേര്‍ക്കേണ്ടത്. നിലവിലുള്ള പട്ടികയിലെ തെറ്റു തിരുത്തുന്നതിനും വാര്‍ഡ് മാറ്റുന്നതിനും സൗകര്യമുണ്ട്. പ്രവാസികള്‍ക്കും പേരു ചേര്‍ക്കാം. പരേതരും സ്ഥലംമാറി പോയവരുമായവരെ ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും പരിഗണിക്കും. .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com