'അതിക്രമം നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ' ? ഭാഗ്യലക്ഷ്മിയോട് കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പിന്നീട്

'അതിക്രമം നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ' ? ഭാഗ്യലക്ഷ്മിയോട് കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പിന്നീട്
'അതിക്രമം നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ' ? ഭാഗ്യലക്ഷ്മിയോട് കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പിന്നീട്

കൊച്ചി: യൂട്യൂബറെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. വാദം പൂര്‍ത്തിയായ ശേഷമാണ് വിധി പറയാന്‍ മാറ്റിവെച്ചത്. നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിര്‍ന്നതെന്ന് ഹൈക്കോടതി ചോദിച്ചു. 

അതിക്രമത്തിന്റെ വീഡിയോ പുറത്തുവിട്ടത് നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ എന്ന് കോടതി ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനോട് ചോദിച്ചു. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണെന്ന അഭിഭാഷകന്റെ മറുപടിയോട് അത്തരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ പരിണിതഫലവും അനുഭവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു കോടതിയുടെ പ്രതികരണം.

അതിക്രമവും മോഷണവും ഉള്‍പ്പെടെ തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും വാദം. വിവാദ വീഡിയോയെ കുറിച്ച് സംസാരിക്കാന്‍ വിജയ് പി നായരുടെ ആവശ്യപ്രകാരമാണ് താമസ സ്ഥലത്ത് ചെന്നത്. അവിടെ നിന്നെടുത്ത ലാപ്‌ടോപ്പും മൊബൈലും ഹെഡ്‌സെറ്റും മൂന്ന് മണിക്കൂറിനകം തന്നെ പൊലീസിനെ ഏല്‍പിച്ചിട്ടുണ്ട്. പ്രതികള്‍ മഷിയും ചൊറിയണവും കയ്യില്‍ കരുതിയിരുന്നെന്ന ആരോപണവും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ നിഷേധിച്ചു.

അതേസമയം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആക്രമിക്കപ്പെട്ട യൂട്യൂബര്‍ വിജയ് പി നായരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും എതിര്‍ഭാഗം വാദമുന്നയിച്ചു. എന്ത് നിയമ നടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഇവര്‍ പരസ്യമായി പ്രഖ്യപിച്ചിട്ടുണ്ടെന്നും വിജയ് പി നായരുടെ അഭിഭാഷകന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com