നടിയെ വിസ്തരിച്ചപ്പോള്‍ 20 അഭിഭാഷകര്‍; അപമാനിക്കുന്ന ചോദ്യങ്ങള്‍; നിയന്ത്രിക്കാന്‍ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍

ആക്രമിക്കപ്പെട്ട നടിയെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകര്‍ മാനസികമായി പീഡിപ്പിച്ചതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍
നടിയെ വിസ്തരിച്ചപ്പോള്‍ 20 അഭിഭാഷകര്‍; അപമാനിക്കുന്ന ചോദ്യങ്ങള്‍; നിയന്ത്രിക്കാന്‍ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍

കൊച്ചി:  ആക്രമിക്കപ്പെട്ട നടിയെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകര്‍ മാനസികമായി പീഡിപ്പിച്ചതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഇത് നിയന്ത്രിക്കാന്‍ വിചാരണക്കോടതി ഇടപെട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രബര്‍ത്തി ജസ്റ്റിസ് വിജി അരുണിന്റെ നേതൃത്വത്തിലുള്ള ബഞ്ചിനോട് പറഞ്ഞു. കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പട്ടെ് നടി നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ നിലപാട് അറിയിച്ചത്. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

രഹസ്യവിചാരണ എന്ന നിര്‍ദേശം ലംഘിച്ചതായും നടിയെ വിസ്തരിച്ചപ്പോള്‍ കോടതിയില്‍ പ്രതിഭാഗത്തിന്റെ 20 അഭിഭാഷകരുണ്ടായിരുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ നല്‍കുന്ന പല രേഖകളുടെയും പകര്‍പ്പുകള്‍ പ്രോസിക്യൂഷന് നല്‍കുന്നില്ല. വിചാരണക്കോടതിക്കെതിരായ പരാതി ആ കോടതി പരിഗണിച്ചത് കീഴ്‌വഴക്ക ലംഘനമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

വിചാരണക്കോടതിയുടെ നടപടികള്‍ ശത്രുതാപരവും പക്ഷപാതപരവുമാണെന്നു ആരോപിച്ചാണ് നടി ഹര്‍ജി നല്‍കിയത്. വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നോടു മോശമായി പെരുമാറിയപ്പോള്‍ കോടതി നിശബ്ദമായിനിന്നെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്ന ആക്ഷേപവും ഹര്‍ജിയിലുണ്ട്.

പ്രതിഭാഗം നല്‍കുന്ന ഹര്‍ജികളില്‍ പ്രോസിക്യൂഷനെ പോലും അറിയിക്കാതെ പ്രധാനപ്പെട്ട രേഖകളടക്കം കൈമാറിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. വിചാരണ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് നടി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com