കുറ്റക്കാര്‍ക്കു ശിക്ഷ ഉറപ്പുവരുത്തും, കേസില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയും നടപടി; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സര്‍ക്കാരിന്റെ കത്ത് 

വാളയാര്‍ കേസില്‍ നടപടി ആവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു
വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന പ്രതീകാത്മക സമരത്തിൽ നിന്ന്- ഫോട്ടോ/എ സനേഷ്- എക്സ്പ്രസ്
വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന പ്രതീകാത്മക സമരത്തിൽ നിന്ന്- ഫോട്ടോ/എ സനേഷ്- എക്സ്പ്രസ്

തിരുവനന്തപുരം: വാളയാര്‍ കേസില്‍ കുറ്റക്കാര്‍ക്കു ശിക്ഷ ഉറപ്പുവരുത്തുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മയ്ക്കു സര്‍ക്കാരിന്റെ കത്ത്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.

വാളയാര്‍ കേസില്‍ നടപടി ആവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോള്‍ കത്ത് അയച്ചിട്ടുള്ളത്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്.

നീതി തേടി രക്ഷിതാക്കള്‍ നടത്തിവന്ന സത്യഗ്രഹം ഇന്ന് അവസാനിപ്പിക്കും. വീട്ടുമുറ്റത്താണ് ഒരാഴ്ചയായി രക്ഷിതാക്കള്‍ സമരം നടത്തുന്നത്. കോടതിയുടെ മേല്‍നോട്ടത്തിലുള്ള പുനരന്വേഷണം എന്ന ആവശ്യമാണ് മാതാപിതാക്കള്‍ ഉന്നയിക്കുന്നത്. തെളിവുകളുടെ അഭാവത്തിലാണ് വളയാര്‍ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്.

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാണിച്ച് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. ഏത് അന്വേഷണത്തിനും കൂടെ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com