ചൂട് കനത്തു, ആശങ്ക ഉയര്‍ത്തി വീണ്ടും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

നേരത്തെ, മഴ മാറി ആഴ്ചകള്‍ക്ക് ശേഷമാണു മണ്ണിരകള്‍ ചത്തിരുന്നത് എങ്കില്‍ ഇത്തവണ മഴ പൂര്‍ണമായും മാറും മുന്‍പേയാണ് ഇങ്ങനെ സംഭവിക്കുന്നത്
ചൂട് കനത്തു, ആശങ്ക ഉയര്‍ത്തി വീണ്ടും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

പനമരം:  വയനാട്ടില്‍ മണ്ണിരകള്‍ വീണ്ടും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മഴ മാറി 10 ദിവസം മാത്രം കഴിയും മുന്‍പേയാണ് ഇത്. നേരത്തെ, മഴ മാറി ആഴ്ചകള്‍ക്ക് ശേഷമാണു മണ്ണിരകള്‍ ചത്തിരുന്നത് എങ്കില്‍ ഇത്തവണ മഴ പൂര്‍ണമായും മാറും മുന്‍പേയാണ് ഇങ്ങനെ സംഭവിക്കുന്നത്.  

കഴിഞ്ഞ വര്‍ഷവും മഴ മാറി ഉടനെ മണ്ണിരകള്‍ ചത്തുപൊങ്ങിയിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മണ്ണിരകള്‍ കൂട്ടത്തോടെ പിടഞ്ഞ് ചാകുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ജില്ലയില്‍ നടവയല്‍, കായക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണു കഴിഞ്ഞ 4 ദിവസമായി മണ്ണിര കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടത്. 

മണ്ണിലെ ഊഷ്മാവിന്റെ വ്യതിയാനം മൂലമാണ് മണ്ണിരകള്‍ ഇങ്ങനെ ചാകുന്നത് എന്നാണ് വിലയിരുത്തല്‍. ആരോഗ്യമുള്ള മണ്ണിരകളാണ് ചാകുന്നതില്‍ കൂടുതലും.  റോഡുകളിലും വീട്ടുമുറ്റത്തുമാണു മണ്ണിര കൂട്ടത്തോടെ ചത്തുവീഴുന്നത്.  മണ്ണ് ചുട്ടുപൊള്ളുന്നതാണു മണ്ണിര ചാകുന്നതിനു കാരണമെന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചിരുന്നു.

മേല്‍മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ മണ്ണിനടിയിലേക്ക് നീങ്ങുകയാണു മണ്ണിരകളുടെ പതിവ്. എന്നാല്‍ ഇതിനു വിപരീതമായി മുകളിലേക്ക് വരുമ്പോഴാണ് കൊടുംചൂടേറ്റ് ചത്തൊടുങ്ങുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അനുഭവപ്പെടുന്ന 30 ഡിഗ്രിക്ക് മേലെയുള്ള ചൂടാണ് മഴ മാറി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ജില്ലയില്‍ പലയിടങ്ങളിലും അനുഭവപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com