താന്‍ വിളിച്ചിട്ടില്ല; ഇപി ജയരാജന്‍ പദവി മറന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ആരോപണം ഉന്നയിക്കുന്നത്
താന്‍ വിളിച്ചിട്ടില്ല; ഇപി ജയരാജന്‍ പദവി മറന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് എംപി അടൂര്‍ പ്രകാശ്. വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത്. അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. 

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനെയെന്ന് മന്ത്രി ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ലക്ഷ്യം നിറവേറ്റിയെന്ന്് കൊലപാതകികള്‍ അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ജനസേവനം കൈമുതലാക്കിയ രണ്ട് ചെറുപ്പക്കാരാണ് മരിച്ചത്. നാട് ക്ഷോഭിക്കും. അങ്ങനെ നാടാകെ ചോരപ്പുഴ ഒഴുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തിരവോണനാളില്‍ കൊലനടത്തി രക്തപ്പൂക്കളമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൊല നടത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ അടുത്ത നേതാക്കളുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. 

കൊല നടത്തിയ ശേഷം ഇവര്‍ ആദ്യം വിളിച്ചത് എംപി അടൂര്‍ പ്രകാശിനെയാണ്. ഇതിലൂടെ ഈ കൊലപാതകം ആസൂത്രിതമാണെന്നാണ് വ്യക്തമാകുന്നത്. കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com