സിപിഎം മരണം ആഘോഷിക്കുന്നു;  കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ല; ഡിസിസി റിപ്പോര്‍ട്ട് ലഭിച്ചെന്ന് മുല്ലപ്പള്ളി

കൊലപാതകത്തില്‍ കോണ്‍ഗ്രസ് പങ്ക് ആരോപിച്ച് നൂറ് കണക്കിന് പാര്‍ട്ടി ഓഫീസുകളാണ് സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം മരണം ആഘോഷിക്കുകയാണ്. കൊലപാതകത്തില്‍ കോണ്‍ഗ്രസ് പങ്ക് ആരോപിച്ച് നൂറ് കണക്കിന് പാര്‍ട്ടി ഓഫീസുകളാണ് സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നറിയുന്നതിനായി ഡിസിസി പ്രസിഡന്റില്‍ നിന്നും കെപിസിസി റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഈ കൊലപാതകവുമായി കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകര്‍ക്ക് പോലും പങ്കില്ലെന്നാണ് റിപ്പോര്‍ട്ടെന്നു മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. 

വെഞ്ഞാറമൂട്ടില്‍  രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സജീവ് ഉള്‍പ്പടെ ഒന്‍പത് പേര്‍ കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ ഒളിവിലാണ്. പിടിയിലായ മുഴുവന്‍ പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. 

ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിയത്.  മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ്  ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.  അക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.  മിഥുലാജ് സംഭവ സ്ഥലത്തും ഹഖ് ആശുപത്രിയിലും മരിച്ചു. 

ഒരു വാളും കത്തിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികള്‍ കടന്നുകളഞ്ഞത്. മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനല്‍ മറ്റ് പ്രതികളായ ഷജിത്ത്, അന്‍സാര്‍, സതി എന്നിവരുള്‍പ്പെടെ  ഒന്‍പത് പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. സജീവിനും സനലിനും സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഷജിത്തിനെ ബല പ്രയോഗത്തിലൂടെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രാദേശിക ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഉണ്ണിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ രക്ഷപ്പെടാനും കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഉണ്ണിയ്ക്കും സഹോദരന്‍ സനലിനും പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്.  മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com