ആദ്യ ഭാര്യയുടെ മരണത്തോടെ സർക്കാർ ജോലി, രണ്ടാഴ്ച മുൻപ് വിവാഹം ചെയ്ത മൂന്നാം ഭാര്യയും പിണങ്ങിപ്പോയി; അവസാനം മകനെ കൊന്ന് ജീവനൊടുക്കി
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd September 2020 08:35 AM |
Last Updated: 02nd September 2020 08:35 AM | A+A A- |
തിരുവനന്തപുരം; ഒൻപതു വയസുകാരനായ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് മാറനല്ലൂർ. സര്‍ക്കാര്‍ ജീവനക്കാരനായ സലീമാണ് മകന്‍ ആഷ്‌ലിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടാഴ്ച മുൻപായിരുന്നു സലീമിന്റെ മൂന്നാം വിവാഹം. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെയാണ് ഇയാൾ മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
3 വിവാഹങ്ങള്‍ കഴിച്ച സലീമിന്‍റെ ആദ്യ ബന്ധത്തിലെ മകനാണ് ആഷ്‌ലിൻ. സർക്കാർ ജീവനക്കാരിയായിരുന്നു സലീമിന്റെ ആദ്യ ഭാര്യ. എന്നാൽ ഇവർ മരിച്ചതോടെ ഇയാൾക്ക് സർക്കാർ ജോലി ലഭിച്ചു. അതിന് പിന്നാലെ രണ്ടാമത് വിവാഹം കഴിച്ചെങ്കിലും അവർ പിണങ്ങിപ്പോവുകയായിരുന്നു. തുടർന്ന് രണ്ടാഴ്ച മുമ്പ് വിവാഹം കഴിച്ചു. എന്നാൽ ആ യുവതിയും പിണങ്ങിപോയെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇന്നലെ പുലര്‍ച്ചെ സഹോദരി ഭക്ഷണവുമായി വരുമ്പോഴാണ് ഇരുവരുടെയും മൃതദേഹം കാണുന്നത്. 9 കാരനായ ആഷ്‌ലിൻ കിടപ്പ് മുറിയിലെ കട്ടിലിലും സലീം അടുക്കളക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സലീമിന്‍റെ ഞരമ്പുകള്‍ മുറിച്ച നിലയിലാണ്. വികാസ് ഭവനിലെ വ്യവസായ വകുപ്പില്‍ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനാണ് സലീം. ആഷ്‌ലിൻ കണ്ടല സ്കൂളിലെ വിദ്യാര്‍ഥിയാണ്. മാറനല്ലൂര്‍ പോലീസ് കേസെടുത്തു.