കൊല്ലപ്പട്ടവരുടെ കൈയ്യിലുണ്ടായിരുന്ന വാൾ ഉത്രാട കൊല വെട്ടാൻ കരുതിയതാണോ ? : കെ മുരളീധരൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd September 2020 05:49 PM |
Last Updated: 02nd September 2020 05:49 PM | A+A A- |
കണ്ണൂർ : വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണമോ, കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന് കെ മുരളീധരൻ എം പി. അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കും. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലയിലെത്തിച്ചത്. കൊല്ലപ്പട്ടവരുടെ കൈയ്യിലുണ്ടായിരുന്ന വാൾ ഉത്രാട കൊല വെട്ടാൻ കരുതിയതാണോ എന്നും മുരളീധരൻ കണ്ണൂരിൽ ചോദിച്ചു.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ ഏതാണെന്ന് അറിയാന്‍ ഇപ്പോള്‍ തങ്ങള്‍ക്കാണ് ഏറെ താല്‍പ്പര്യം. കാരണം പ്രതിസ്ഥാനത്ത് കോണ്‍ഗ്രസുകാരെയാണല്ലോ വെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി ഇപി ജയരാജന്‍, കൊലയാളികളെ എംപി സഹായിക്കുന്നു എന്ന് ആരോപിച്ചിരുന്നു.
മുമ്പ് പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പലതും വിളിച്ചുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അദ്ദേഹം മന്ത്രിയാണ്. എക്‌സിക്യൂട്ടീവ് അധികാരങ്ങളുള്ള മന്ത്രി ഒരു ജനപ്രതിനിധിയെക്കുറിച്ചാണ് പറഞ്ഞത്. ഇത് തെളിയിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. അതിന് വെല്ലുവിളിക്കുന്നു.
അത് തെളിയിക്കാനായില്ലെങ്കില്‍ ഇ പി ജയരാജന്‍ രാജിവെക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. അടൂര്‍ പ്രകാശ് സിപിഎമ്മിന്റെ കണ്ണിലെ കരടാണ്. അടൂര്‍ പ്രകാശ് എംപിയായ സമയം മുതല്‍ അദ്ദേഹത്തെ താറടിച്ചു കാണിക്കാന്‍ സിപിഎം ശ്രമിക്കുന്നതായും മുരളീധരന്‍ പറഞ്ഞു.