പുത്തുമല ഉരുൾപൊട്ടലിൽ കാണാതായ അഞ്ചുപേരിൽ ഒരാൾ, ആറു മാസമായിട്ടും തിരിച്ചറിയാനാകാതെ മൃതദേഹം; ഡിഎൻഎ ഫലം കാത്ത് കുടുംബങ്ങൾ
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd September 2020 08:00 AM |
Last Updated: 02nd September 2020 08:00 AM | A+A A- |

പുത്തുമലയില്‍ ഉരുള്‍പൊട്ടിയ പ്രദേശത്തെ ദൃശ്യം/ടിപി സൂരജ്
വയനാട്; പുത്തുമല ഉരുൾപൊട്ടലിൽ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയിട്ട് ആറു മാസം കഴിഞ്ഞിട്ടും ഇതുവരെ ആളെ തിരിച്ചറിഞ്ഞില്ല. ഡിഎൻഎ പരിശോധനാ ഫലം ഇനിയും വരാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. കഴിഞ്ഞവർഷം വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചു പേരെ കൂടെയാണ് ഇനിയും കണ്ടെത്താനുള്ളത്. ആറു മാസം മുൻപ് കണ്ടെടുത്ത മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായതിനാലാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്.
അപകടം നടന്ന് ആറ് മാസത്തിന് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയിൽ നിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെടുത്തത്. ഈ മൃതശരീരം ആരുടെ ആണെന്ന് തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധനക്ക് അയച്ചത്. കാണാതായ അഞ്ച് പേരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചു. ബന്ധുക്കളെ പല തവണ പൊലീസ് സ്റ്റേഷനിലേക്ക് വളിച്ചു വരുത്തി. എന്നാൽ തുടർ നടപടി ഉണ്ടായില്ല.
കണ്ണൂരിലെ ഫോറൻസിക് ലാബിൽ നിന്ന് ഫലം ലഭിച്ചില്ലെന്ന മറുപടിയാണ് ഇവർക്ക് കിട്ടിയത്. ഫലം വേഗത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കൾ വയനാട് എസ്പിക്ക് അപേക്ഷ നൽകിയിരുന്നു. ഫോറൻസിക് ഡയറക്ട്രേറ്റിൽ നിന്ന് ഫലം കോടതിലേക്ക് അയച്ചിട്ടുണ്ടെന്നും കൊവിഡ് നിയന്ത്രണം ഓണം അവധിയും വന്നതിലാണ് ഇക്കാര്യത്തിൽ കാലതാമസം നേരിട്ടതെന്നും വയനാട് എസ്പി ആർ ഇളങ്കോ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് പുത്തുമല ഗ്രാമത്തിലെ 57 വീടുകൾ പൂർണമായി മണ്ണെടുത്തു പോയ ദുരന്തം ഉണ്ടായത്. ആ അപകടത്തില്‍ 17 പേരായിരുന്നു അകപ്പെട്ടത്. ഇതിൽ 12 പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്.