'രണ്ടില'യ്ക്ക് പിന്നാലെ നിലപാട് മാറ്റം; ജോസ് പക്ഷത്തെ കൂട്ടാന്‍ യുഡിഎഫ്; ചര്‍ച്ചയ്ക്ക് മുസ്ലീം ലീഗ്

യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായി എംകെ മുനീര്‍ പികെ കുഞ്ഞാലിക്കുട്ടിയെ കാണും
'രണ്ടില'യ്ക്ക് പിന്നാലെ നിലപാട് മാറ്റം; ജോസ് പക്ഷത്തെ കൂട്ടാന്‍ യുഡിഎഫ്; ചര്‍ച്ചയ്ക്ക് മുസ്ലീം ലീഗ്

കോഴിക്കോട്: രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് കിട്ടിയതിന് പിന്നാലെ ജോസ് പക്ഷത്തെ ഒപ്പം നിര്‍ത്താന്‍ അനുനയ നീക്കവുമായി യുഡിഎഫ്. ഇതിനായി മുസ്ലീം ലീഗ് മുന്‍കൈ എടുക്കും. യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായി എംകെ മുനീര്‍ പികെ കുഞ്ഞാലിക്കുട്ടിയെ കാണും. എന്നാല്‍ ജോസ് കെ മാണി ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. അവിശ്വാസ ചര്‍ച്ചയില്‍ വിട്ടുനിന്നതിനാല്‍ ജോസ് പക്ഷത്തെ പുറത്താക്കാനായിരുന്നു യുഡിഎഫ് ധാരണ.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി ജോസ് പക്ഷത്തിന് അനുകൂലമായതോടെ വെട്ടിലായത് കോണ്‍ഗ്രസാണ്. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്ന ജോസ് പക്ഷത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ നിന്ന കോണ്‍ഗ്രസ് തീരുമാനം മാറ്റി. പുതിയ സാഹചര്യത്തില്‍ ജോസ,് ജോസഫ് പക്ഷങ്ങളെ മുന്നണിയില്‍ ഒന്നിച്ച് കൊണ്ടുപോകാനാണ് തീരുമാനം. ജോസ് കെ മാണിയുമായി  മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തും. ഇതിന്റ  ഭാഗമായി എം കെ മുന്നീര്‍ ഇന്ന് പി കെ കുഞ്ഞാലിക്കുട്ടിയെ കാണും. 

എല്‍ ഡി എഫിലേക്ക് പോയാല്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടില്ലെന്നാണ് ജോസ് പക്ഷത്തെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഉപാധികളോടെ യു ഡി എഫിലേക്ക് മടങ്ങിവരാനാണ് അലോചന.  വിധി അനുകൂലമായതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളടക്കം മറുകണ്ടം ചാടിയവരില്‍ ഭൂരിഭാഗവും തിരിച്ചു വരുമെന്നും ജോസ് പക്ഷം പ്രതീക്ഷിക്കുന്നു. ചര്‍ച്ചയ്ക്ക് വഴി തുറന്നാല്‍ ജോസഫ് പക്ഷത്തെ എം എല്‍ എ മാരെ അയോഗ്യരാക്കാനുള്ള നീക്കവും ജോസ് പക്ഷം ഉപേക്ഷിക്കും. 

വിധിക്ക് പിന്നാലെ യു ഡി എഫും കോണ്‍ഗ്രസും നിലപാട് മാറ്റുന്നതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തുന്നതിനോട് എതിര്‍പ്പില്ല. പക്ഷെ അതിന്റ പേരില്‍ ഒരു വിട്ടു വീഴ്ചയും ഉണ്ടാകിലെന്നാണ്  മുന്നറിയിപ്പ്. വിധിക്കെതിരെ  എത്രയും വേഗം സ്‌റ്റേ വാങ്ങാനുള്ള തയാറെടുപ്പിലാണ് ജോസഫ് വിഭാഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com