കോവിഡ് പ്രതിരോധം: ക്യു ആര്‍ കോഡ് സ്‌കാന്‍ സംവിധാനം വ്യാപകമാക്കുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd September 2020 07:44 PM |
Last Updated: 03rd September 2020 07:44 PM | A+A A- |

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്യു ആര്‍ കോഡ് സ്‌കാന്‍ സംവിധാനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മാളുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുതലായി വരുന്ന സ്ഥലങ്ങളില്‍ ഈ സംവിധാനം സജ്ജമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി കോഴിക്കോട് നടത്തിയ പരീക്ഷണം വിജയകരമായി മുന്നോട്ടുപോകുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ നല്ല തോതില്‍ പാലിച്ചിട്ടുണ്ട്. എന്നാല്‍, തീരേ നിയന്ത്രണങ്ങള്‍ പാലിക്കാത്ത അവസ്ഥയും ചില കേന്ദ്രങ്ങളിലുണ്ടായി. കടകളിലോ മാര്‍ക്കറ്റുകളിലോ ചെല്ലുന്നവര്‍ പേരെഴുതി ഇടണം എന്നത് നിര്‍ബന്ധമാക്കിയിരുന്നു. അതില്‍ വീഴ്ചയുണ്ടായി. അവിടെ സൂക്ഷിച്ച പേന ഉപയോഗിക്കുന്നതില്‍ പലര്‍ക്കും വിമുഖതയുമുണ്ടായി. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന സംവിധാനം വ്യാപകമായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഒരു കേന്ദ്രത്തില്‍, അത് സര്‍ക്കാര്‍ ഓഫീസിലായാലും ഷോപ്പുകളിലായാലും മാളുകളിലായാലും എത്തുന്നവര്‍ അവിടെ പ്രദര്‍ശിപ്പിച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക എന്നതാണ് രീതി. അതോടെ അവിടെ എത്തിയ ആളിനെക്കുറിച്ചുളള ആവശ്യമായ വിവരങ്ങള്‍ രേഖയില്‍ വരും. പിന്നീട് ആ ഷോപ്പിലോ സ്ഥലത്തോ കോവിഡ് ബാധയുണ്ടാവുകയാണെങ്കില്‍ അവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും സന്ദേശവും ആവശ്യമായ നിര്‍ദേശവും നല്‍കാന്‍ ഇത് സഹായകമാകും. ഇത്തരം രീതി പൊതുവേ എല്ലായിടത്തും പ്രായോഗികമാക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.