വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; മുഖ്യ പ്രതികളിലൊരാൾ അറസ്റ്റിൽ
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd September 2020 10:09 PM |
Last Updated: 03rd September 2020 10:14 PM | A+A A- |
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ മുഖ്യ പ്രതികളിലൊരാൾ കൂടി അറസ്റ്റിൽ. ഐഎൻടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അറസ്റ്റിലായത്.
കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മദപുരത്തെ മലയുടെ മുകളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പിടിയിലായത്.
രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ അറസ്റ്റിലായ നാല് പ്രതികളും റിമാൻഡിലാണ്. അജിത്ത്, ഷജിത്ത്, സതി, നജീബ് എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസം റിമാൻഡ് ചെയ്തത്.
റിമാൻഡിലായ നാല് പേരും പ്രതികളെ സഹായിച്ചവരാണ്. ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വൈരാഗ്യം ഉണ്ടായത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ സമയത്താണ്. കലാശക്കൊട്ടിനിടെ പ്രതികളും കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജും ഹക്ക് മുഹമ്മദുമായും തേമ്പാമൂട് വെച്ച് സംഘർഷമുണ്ടായി. സംഘർഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷഹീനെ ഏപ്രിൽ നാലിന് ആക്രമിച്ചു. ഇരട്ടക്കൊല കേസിലെ പ്രതികളായ സജീവൻ, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഫൈസലിന് നേരെ വധശ്രമവുമുണ്ടായി. ഈ കേസിൽ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
മുൻ വൈരാഗ്യത്തെത്തുടർന്ന് പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിൽ വെച്ച് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നു. ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ ഗൂഢാലോചനയിൽ പങ്കെടുത്തു. കണ്ടാലറിയാവുന്ന ചിലരും ഗൂഢാലോചനയിൽ പങ്കാളികളായതായും റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
നെഞ്ചിലും മുഖത്തും കയ്യിലും മുതുകിലുമായി ഒൻപതോളം വെട്ടുകളാണ് ങക്ക് മുഹമ്മദിന് ഏറ്റത്. . ഒപ്പമുണ്ടായിരുന്ന മിഥിലാജിനു നെഞ്ചിലടക്കം മൂന്നോളം വെട്ടേറ്റു. മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറി. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മുഹമ്മദ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഇരുവരുടേയും മരണകാരണമായതു നെഞ്ചിലേറ്റ വെട്ടെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.