ഉപതെരഞ്ഞെടുപ്പ് : സജ്ജമെന്ന് യുഡിഎഫ് ; നാലുമാസത്തേക്ക് മാത്രമായി വേണ്ടിയിരുന്നില്ലെന്ന് ബിജെപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th September 2020 04:05 PM |
Last Updated: 04th September 2020 04:05 PM | A+A A- |
തിരുവനന്തപുരം : കേരളത്തില്‍ ഒഴിവുള്ള കുട്ടനാട്, ചവറ നിയമസഭ മണ്ഡലങ്ങളിലേക്ക് നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫ് സജ്ജമാണെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഉപതെരഞ്ഞെടുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിലയിരുത്തലാകും. രണ്ടിടത്തും യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളത്. യുഡിഎഫ് ഉടന്‍ യോഗം ചേരുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍ പ്രതികരിച്ചു. കുട്ടനാട്ടിലും ചവറയിലും യുഡിഎഫിന് മികച്ച സാധ്യതയാണുള്ളത്. രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു.
അതേസമയം നാലുമാസത്തേക്കായി ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുകയായിരുന്നു ഉചിതം. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് നാലുമാസമേ കാലാവധി ലഭിക്കൂ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നായിരുന്നു ഇതുവരെയുള്ളൂ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക് പാര്‍ട്ടിയോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം അടുത്തവര്‍ഷം മാര്‍ച്ചില്‍ ഇറങ്ങാനിരിക്കുകയാണ്. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസം തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഇനി ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാല്‍ അതിന് പൂര്‍ണ്ണ സജ്ജമാണെന്നും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.