തിരുവനന്തപുരത്ത് ഇന്ന് 477 കോവിഡ് കേസുകൾ; എറണാകുളം അടക്കം നാല് ജില്ലകളിൽ ഇരുന്നൂറിലധികം രോഗികൾ, കണക്കുകൾ ഇങ്ങനെ
By സമകാലികമലയാളം ഡെസ്‌ക് | Published: 04th September 2020 06:04 PM |
Last Updated: 04th September 2020 06:04 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇന്നും കൂടുതൽ രോഗികൾ തിരുവനന്തപുരം ജില്ലയിലാണ്. 477 പേർക്കാണ് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. നാല് ജില്ലകളിൽ ഇരുന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം 274, കൊല്ലം 248, കാസർഗോഡ് 236, തൃശൂർ 204 എന്നിവിടങ്ങളിലാണ് ഇന്ന് ഇരുന്നുറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തത്.
കോട്ടയം, മലപ്പുറം ജില്ലകളിൽ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂർ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2255 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 149 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
34 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂർ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.