ലഹരി മരുന്ന് കേസിലും റമീസിന് ബന്ധം; ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th September 2020 05:50 PM |
Last Updated: 04th September 2020 05:50 PM | A+A A- |
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി കെടി റമീസും ലഹരി മരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധം അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്. ലഹരി മരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഫോണിൽ നിന്നു സ്വർണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ഫോൺ നമ്പരും മറ്റ് വിവരങ്ങളും കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനിക്കുന്നത്.
കേസുകൾ തമ്മിൽ ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ റമീസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് സംഘം കോടതിയിൽ അപേക്ഷ നൽകി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് കസ്റ്റംസ് അനുമതി തേടിയിരിക്കുന്നത്.
പല ആളുകളിൽ നിന്നു പണം ശേഖരിച്ച് ഹവാലയായി വിദേശത്ത് എത്തിച്ച് സ്വർണം കടത്തുകയാണ് റമീസ് ചെയ്തത്. ലഹരി മരുന്ന് ഇടപാടുകളിലൂടെ ലഭിച്ച പണമടക്കം ഇത്തരത്തിൽ ഉപയോഗിച്ചതായി സംശയിക്കുന്നു. ഇയാൾ ആയുധക്കടത്ത് കേസിലടക്കം പ്രതിയാണ്. അനൂപ് മുഹമ്മദുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് അനുമതി തേടിയിരിക്കുന്നത്.
ലഹരി മരുന്ന് കേസിൽ അനൂപ് മുഹമ്മദിനെ കൊച്ചിയിലെ ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ സഹായം തേടിയാൽ എല്ലാ സഹായവും നൽകുമെന്ന് ഐജി വിജയ് സാഖ്റെ പറഞ്ഞു. ഇതിനൊപ്പം എൻഐഎ പിടിച്ചെടുത്ത തെളിവുകൾക്ക് വേണ്ടിയും കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. സീഡാകിലെ പരിശോധനാ ഫലം വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.