വ്യാജ കോവിഡ് പരിശോധന; ഡോക്ടറും ജീവനക്കാരും അറസ്റ്റിൽ
By സമകാലികമലയാളം ഡെസ്‌ക് | Published: 04th September 2020 05:43 PM |
Last Updated: 04th September 2020 05:43 PM | A+A A- |

ഡൽഹി: വ്യാജ കോവിഡ് പരിശോധന നടത്തിയ ഡോക്‌ടറും ജീവനക്കാരും അറസ്‌റ്റിൽ. ദക്ഷിണ ഡൽഹിയിലെ മാൽവിയ നഗറിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഡോക്‌ടറായ കുഷ് പരാശർ എന്നയാളുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. പണം സമ്പാദിക്കാനാണ് പ്രതികൾ വ്യാജ കൊവിഡ്-19 പരിശോധനകൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ 75 പേരെ കോവിഡ് പരിശോധനയ്‌ക്ക് ഹാജരാക്കിയതായി കണ്ടെത്തി. ഒരാളിൽ നിന്ന് 2400 രൂപയാണ് പരിശോധനാ ഫീസായി വാങ്ങിയത്. പരിശോധനയ്‌ക്ക് എത്തിയവരിൽ നിന്നെടുത്ത സ്രവം കോവിഡ് ലാബുകളിലും എത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ നിന്ന് വ്യക്തമായി.
ഒരു അംഗീകൃത പാത്തോളജി ലാബിൻ്റെ ലോഗോ ഉപയോഗിച്ചാണ് സംഘം വ്യാജ പരിശോധനയും തട്ടിപ്പും നടത്തിയതെന്നും പോലീസ് പറഞ്ഞു. ലാബ് നടത്തിയ കോവിഡ് പരിശോധനകൾക്കെതിരെ ഓഗസ്‌റ്റ് 30ന് ഹൗസ് ഖാസ് പോലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികൾ കൂടുതൽ പേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം തട്ടിപ്പുകൾ രൂക്ഷമാകുന്നത്. ഗ്രാമ പ്രദേശങ്ങളും ചെറിയ നഗരങ്ങളും കേന്ദ്രീകരിച്ചാണ് വ്യാജ കോവിഡ് പരിശോധനകൾ നടക്കുന്നത്.