മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് കോടിയേരിയുടെ വീട് സഹായം നല്‍കുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല

മകന്റെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ച് സിപിഎം സെക്രട്ടറി മൗനം പാലിക്കുന്നത് ദുരൂഹമാണ്. 
മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് കോടിയേരിയുടെ വീട് സഹായം നല്‍കുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന വാര്‍ത്ത മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദീര്‍ഘനാളായി ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കേസ് പ്രതിയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീടാണ് സഹായം നല്‍കുന്നത്. എന്നാല്‍ ഒരു അന്വേഷണവും വേണ്ട എന്ന നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളും മയക്കുമരുന്ന് കേസിലെ പ്രതികളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മയക്കുമരുന്ന് കടത്തും വിതരണവും കേരള പൊലീസിലെ നാര്‍കോട്ടിക് സെല്‍ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മകന്റെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ച് സിപിഎം സെക്രട്ടറി മൗനം പാലിക്കുന്നത് ദുരൂഹമാണ്. 

ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് സംഘവുമായി സ്വര്‍ണക്കടത്തുകേസുമായി ബന്ധമുണ്ട്. ഇതാണോ ദിവസം കഴിഞ്ഞ ആളുകളുടെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ആരുടെ നെഞ്ചിടിപ്പാണ് ഇപ്പോള്‍ വര്‍ധിച്ചത്?.രമേശ് ചോദിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസും മയക്കുമരുന്ന് കേസിലെ പ്രതി അനൂപും നിരന്തരം ബന്ധപ്പെട്ടിരുന്നു. ആ പ്രതികളുമായാണ് കോടിയേരിയുടെ മകന് ബന്ധം. എന്നിട്ടും   ഒരു അന്വേഷണവും വേണ്ട എന്ന മുഖ്യമന്ത്രിയുടെനിലപാട് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. 

ഉത്രാട ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല പ്രഖ്യാപനങ്ങളും ഇപ്പോള്‍ നടക്കുന്നത് തന്നെയാണെന്നും എന്തിനാണ് തിടുക്കപ്പെട്ട് ഇങ്ങനെയൊരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപിച്ച പല പരിപാടികളും അഞ്ഞൂറ് ദിവസം കിട്ടിയാലും തീരില്ല. പല പദ്ധതികളും പേരില്‍ മാത്രം ഒതുങ്ങിയതാണെന്നും ചെന്നിത്തല ആരോപിച്ചു.

വെഞ്ഞാറമൂട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിയുടെ പേര് വലിച്ചിഴക്കുന്നതിനെതിരെയും ചെന്നിത്തല രംഗത്തെത്തി. വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ പേരില്‍ സംസ്ഥാനത്താകമാനം കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ നശിപ്പിക്കാനും കോണ്‍ഗ്രസിനെ അടിച്ചമര്‍ത്താനുമാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനു മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. കോണ്‍ഗ്രസിനെ അടിച്ചമര്‍ത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com