കൊല്ലപ്പെട്ടവരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ല; വ്യാജപ്രചരണത്തിനെതിരെ നിയമനടപടി; ഡിവൈഎഫ്‌ഐ

ഡിസിസി നേതാക്കളുടെ അറിവോടെയാണ് വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ കൊലപ്പെടുത്തിയതെന്ന് എഎ റഹീം
കൊല്ലപ്പെട്ടവരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ല; വ്യാജപ്രചരണത്തിനെതിരെ നിയമനടപടി; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം:  വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ടവരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. ഡിസിസി നേതാക്കളുടെ അറിവോടെയാണ് ഈ കൊലപാതമെന്നും റഹീം പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും റഹീം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലപ്പെട്ട ഇരകള്‍ക്കെതിരെ കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണ്. ഇവരുടെ കുടുംബത്തെ വ്യക്തിഹത്യചെയ്യുന്ന നിലപാട് കോണ്‍ഗ്രസ് തിരുത്തണമെന്ന് റഹീം പറഞ്ഞു.  ആസൂത്രിതമായി കൊലനടത്തിയിട്ട് അതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലപ്പെട്ടവരെ അവഹേളിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാനത്ത് മുന്‍പും രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും ആരും ഇത്തരം ഒരു സമീപനം സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് റഹീം പറഞ്ഞു. 

കൊലയാളി സംഘവുമായി നേരിട്ട് ഗൂഢാലോചനയില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ട്. കൊലയ്ക്ക് മു്ന്‍പായി ഇവര്‍ ഡിസിസി നേതാക്കളുമായി ബന്ധപ്പെട്ടു. കേസിലെ മുഖ്യപ്രതി സജീവും കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമന്‍ നായരും ആസൂത്രണത്തില്‍ പങ്കുവഹിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്നലെ കേസില്‍ പിടിയിലായ പ്രതി ഉണ്ണി കോണ്‍ഗ്രസിന്റെ നേതാവാണ്. ഇയാള്‍ നേരത്തെയും ഒരു കൊലപാതക കേസ് പ്രതിയാണ്. ഈ നിമിഷം വരെ കൊലയുമായി ബന്ധപ്പെട്ട് പിടിയിലായ ഒരാളെ പോലും കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയാണിതെന്ന് ഇതിലൂടെ തന്നെ വ്യക്തമാകുമെന്ന് റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com