ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഭാഗങ്ങള്‍ മോഷ്ടിച്ചത് വില്‍ക്കാനായി; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th September 2020 12:01 PM |
Last Updated: 05th September 2020 12:01 PM | A+A A- |

കൊച്ചി: നിര്‍മാണത്തിലിരിക്കുന്ന വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍നിന്നു കംപ്യൂട്ടര്‍ ഭാഗങ്ങള്‍ മോഷ്ടിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. കപ്പലിലെ കരാര്‍ തൊഴിലാളികള്‍ ആയിരുന്ന ബിഹാര്‍ സ്വദേശി സുമിര്‍ കുമാര്‍ സിങ്, രാജസ്ഥാന്‍ സ്വദേശി ദയാ റാം എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വില്‍പ്പനയ്ക്കായാണ് ഇവര്‍ കംപ്യൂട്ടര്‍ ഭാഗങ്ങള്‍ മോഷ്ടിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഒന്‍പതു മാസത്തെ അന്വേഷണത്തിനു ശേഷമാണ് കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ എറണാകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, തന്ത്രപ്രധാനമായതിനാല്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ചാരവൃത്തിക്കായാണോ കപ്പലിലെ മോഷണമെന്ന് സംശയം ഉയര്‍ന്നിരുന്നു.
കപ്പലില്‍ പെയിന്റിങ്ങിനായി കരാര്‍ തൊഴിലാളികളായി എത്തിയ ഇവര്‍ മോഷണം ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. റാം, എസ്എസ്ഡി എന്നിവയാണ് ഇവര്‍ മോഷ്ടിച്ചത്. ജൂലൈ അവസാനവും സെപ്റ്റംബര്‍ ആദ്യവും ആയാണ് മോഷണം നടത്തിയത്. പ്രൊസസര്‍ വില്‍പ്പന നടത്തിയ പ്രതികള്‍ ശേഷിച്ച തൊണ്ടിമുതലുമായി നാട്ടിലേക്കു തിരിക്കുകയായിരുന്നു. അവിടെ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.