അപൂര്‍വ രോഗത്തിന് നടത്തിയ ശസ്ത്രക്രിയ വിജയം, ഉമ്മുക്കുല്‍സു ഇന്ന് ലക്ഷദ്വീപിലേക്ക് മടങ്ങും

10 ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന, ശരീരത്തിലെ രക്ത ധമനികള്‍ വികസിക്കുകയും ചുരുളുകയും ചെയ്യുന്ന അപൂര്‍വ രോഗമാണ് ഉമ്മുക്കുല്‍സുവിനെ അലട്ടിയിരുന്നത്
അപൂര്‍വ രോഗത്തിന് നടത്തിയ ശസ്ത്രക്രിയ വിജയം, ഉമ്മുക്കുല്‍സു ഇന്ന് ലക്ഷദ്വീപിലേക്ക് മടങ്ങും

കോട്ടയം: അപൂര്‍വ രോഗം ബാധിച്ച ഉമ്മുക്കുല്‍സു(12)ന്റെ ശസ്ത്രക്രിയ വിജയകരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയും തുടര്‍ന്നുള്ള ചികിത്സയും വിജയമായതോടെ ഉമ്മുക്കുല്‍സു ഇന്ന് ലക്ഷദ്വീപിലേക്ക് മടങ്ങും. 

10 ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന, ശരീരത്തിലെ രക്ത ധമനികള്‍ വികസിക്കുകയും ചുരുളുകയും ചെയ്യുന്ന അപൂര്‍വ രോഗമാണ് ഉമ്മുക്കുല്‍സുവിനെ അലട്ടിയിരുന്നത്. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വേണ്ടിവന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. 

രക്തധമനികള്‍ക്ക് പ്രശ്‌നങ്ങളുമായാണ് ഉമ്മുക്കുല്‍സുവിന്റെ ജനനം. നടക്കാന്‍ ബുദ്ധിമുട്ടും, ശ്വാസം മുട്ടലും വളര്‍ന്നപ്പോള്‍ അലട്ടാന്‍ തുടങ്ങി. ഈ വര്‍ഷം ജനുവരിയിലാണ് ഉമ്മുക്കുല്‍സു കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സ തേടുന്നത്. 

ഹൃദയവാല്‍വിനേയും രക്ത ധമനികളേയും രോഗം ബാധിച്ചതിനാല്‍ ഒരേ സമയം മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി വന്നു. ഹൃദയത്തില്‍ നിന്നുള്ള പ്രധാന വാല്‍വ് ആയ അയോര്‍ട്ടിക് വാല്‍വ് ശരിയാക്കുകയും, അതിനൊപ്പമുള്ള മഹാധമനി, തലച്ചോറിലേക്കുള്ള രക്തധമനികള്‍ എന്നിവയ്ക്ക് പകരം കൃത്രിമ രക്ത ധമനി തുന്നിച്ചേര്‍ക്കുകയും ചെയ്തു.

ഇന്ത്യയില്‍ സമാനമായ ശസ്ത്രക്രിയ മുന്‍പ് നടന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. കുട്ടിയുടെ ശരീരോഷ്മാവ് താഴ്ത്തി നിര്‍ത്തിയും, തലച്ചോറിലേക്ക് ആവശ്യമായ അളവില്‍ മാത്രം രക്തം നല്‍കിയുമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം 12 ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com