ആദ്യം ആക്രമിച്ചത് സജീവനെ ; വെട്ടിയത് ഷഹിനും അപ്പൂസും, ദൃശ്യങ്ങളില്‍ 12 പേര്‍; ബാക്കിയുള്ളവര്‍ എവിടെ ? ; ആരോപണങ്ങളുമായി കോണ്‍ഗ്രസ്

ആക്രമണം ഉണ്ടായ സമയത്ത് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെക്കുറിച്ച് പൊലീസ് മൗനം പാലിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു
ആദ്യം ആക്രമിച്ചത് സജീവനെ ; വെട്ടിയത് ഷഹിനും അപ്പൂസും, ദൃശ്യങ്ങളില്‍ 12 പേര്‍; ബാക്കിയുള്ളവര്‍ എവിടെ ? ; ആരോപണങ്ങളുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ ഇപ്പോള്‍ കേസില്‍ പ്രതിയായ സജീവനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആദ്യം ആക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്. കൊല്ലപ്പെട്ട മിഥിലാജ്, ഹക്ക് മുഹമ്മദ്, ഷഹിന്‍ എന്നിവര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നും എംഎം ഹസ്സന്റെ നേതൃത്വത്തില്‍ ഡിസിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ സഹിതമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. 

കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിര്‍ഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താന്‍ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസില്‍ ഒന്നാം പ്രതിയായിട്ടുള്ള സജീവനെയാണ്.  സംഭവസ്ഥലത്ത് രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു. ഷഹീനും അപ്പൂസുമാണ് വെട്ടിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യത്തില്‍ 12 പേരുണ്ട്. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ അറസ്റ്റിലായി. വെട്ടിയത് അപ്പൂസും ഷഹീനുമാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഇവര്‍ ഒളിവിലാണ്. ഇവര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിന്റെ കസ്റ്റഡിയിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 

നാലു വാഹനങ്ങളിലായി 12 പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഇവരെക്കുറിച്ച് പൊലീസ് ഇപ്പോള്‍ മിണ്ടുന്നില്ല. സ്ഥലം എംഎല്‍എ ഡി കെ മുരളിയും ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിമും തമ്മിലുള്ള ദീര്‍ഘനാളായുള്ള പാര്‍ട്ടിയിലെ വിഭാഗീതയുടെ ഫലമായി ഉടലെടുത്ത തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏതാനും ഐഎന്‍ടിയുസി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടാകാം. അവരെ സംരക്ഷിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

ആക്രമണം ഉണ്ടായ സമയത്ത് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെക്കുറിച്ച് പൊലീസ് മൗനം പാലിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവ സമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കൈയിലും ആയുധങ്ങളുണ്ട്.ഇപ്പോൾ സാക്ഷിയെന്ന് പൊലീസ് പറയുന്ന വ്യക്തിയും സംഭവസ്ഥലത്തെ ദൃശ്യങ്ങളിലുള്ളയാളും വ്യത്യസ്തരാണ്. റൂറൽ എസ്.പി. രാഷ്ട്രീയം കളിക്കുകയാണെന്നും സിബിഐക്ക് അന്വേഷണം കൈമാറണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ്‌ഐ നേതാവ് സഞ്ജയനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലും മിഥിലാജ് പ്രതിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com