കുട്ടനാട്ടില്‍ തമ്മിലടി, വിട്ടുകൊടുക്കില്ലെന്ന് ജോസഫ് ; സിപിഎം പിന്തുണയുണ്ടെന്ന് തോമസ് കെ തോമസ് ; നിര്‍ണായക ചര്‍ച്ചകളിലേക്ക് മുന്നണികള്‍

കുട്ടനാട്ടില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കുമെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു
ജോസ് കെ മാണിയും പിജെ ജോസഫും- ഫയല്‍
ജോസ് കെ മാണിയും പിജെ ജോസഫും- ഫയല്‍

തിരുവനന്തപുരം : കുട്ടനാട്, ചവറ നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതോടെ, തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മുന്നണികള്‍ കടന്നു. കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് യുഡിഎഫിന് തലവേദനയാകുന്നത്. കേരള കോണ്‍ഗ്രസിന്റെ സീറ്റായ കുട്ടനാട്ടില്‍ മല്‍സരിക്കുമെന്ന് പി ജെ ജോസഫ് പക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. 

കുട്ടനാട്ട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വേണ്ടി ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും.  ഇത് സംബന്ധിച്ച് മുന്നണിയില്‍ ധാരണയായതാണെന്ന് പി ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കും. വിപ്പ് ലംഘന പരാതിയില്‍ നിയമസഭാ സ്പീക്കര്‍ക്ക് നിയമാനുസൃതമായേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും പി ജെ ജോസഫ് പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെ, യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്നും, കുട്ടനാട്ടില്‍ മല്‍സരിക്കുമെന്നും ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്. ജോസ് കെ മാണിയെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന അഭിപ്രായത്തില്‍ നിന്നും യുഡിഎഫും പിന്നോക്കം പോയിരിക്കുകയാണ്. ഇതിനിടെ യുഡിഎഫിലെ തര്‍ക്കങ്ങള്‍ മുതലെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 

ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ഇടഞ്ഞുനില്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്ണന്‍ അനൗപചാരിക ചര്‍ച്ച നടത്തി. ജോസിനെ കൂടെ കൂട്ടുന്നതിലൂടെ മധ്യതിരുവിതാംകൂറില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കാനാകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. അതേസമയം കുട്ടനാട്ടില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കുമെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. 

എന്‍സിപി നേതൃത്വം തീരുമാനിച്ചാല്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. തോമസ് ചാണ്ടിയുടെ കുടുംബത്തിനും തന്നോടാണ് താല്‍പ്പര്യം.സിപിഎം നേതൃത്വവും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് തോമസ് കെ തോമസ് പറഞ്ഞു. ചവറയില്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് വിജയന്‍പിള്ള വിജയിച്ചത്. ആ സീറ്റ് സിപിഎം ഏറ്റെടുക്കുമോ, വിജയന്‍പിള്ളയുടെ കുടുംബാംഗങ്ങളെ സ്ഥാനാര്‍ത്ഥിയാക്കുമോ എന്നതില്‍ തീരുമാനമായിട്ടില്ല. 

ഉപതെരഞ്ഞെടുപ്പിന് ദേശീയ ജനാധിപത്യ സഖ്യവും സജ്ജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയും ബിഡിജെഎസുമായും നാളെ ചര്‍ച്ച നടത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കുട്ടനാട് സീറ്റ് ബിഡിജെഎസിനാണ്. ഇവിടെ മല്‍സരിച്ചിരുന്ന സുഭാഷ് വാസു എസ്എന്‍ഡിപി നേതൃത്വവുമായി ഉടക്കി നില്‍ക്കുകയാണ്. വീണ്ടും സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും സുഭാഷ് വാസു വ്യക്തമാക്കിയിട്ടുണ്ട്. രണ്ടിടത്തും പുതുമുഖങ്ങളെ പരീക്ഷിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com