കൊല്ലം കോര്‍പ്പറേഷന്‍, കോട്ടയം മുന്‍സിപ്പാലിറ്റി, കോഴിക്കോട് തീരമേഖല; ആശങ്കയുയര്‍ത്തി ക്ലസ്റ്ററുകള്‍; 'ഓണാഘോഷത്തിന്റെ ഫലം മനസ്സിലാവാനിരിക്കുന്നതേയുള്ളു'

ഏറ്റവും ഉയര്‍ന്ന രോഗബാധാ നിരക്ക് തലസ്ഥാനത്തു തന്നെയാണ്. ഇന്ന് 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തെ ഓണത്തിരക്ക്/ ഫയല്‍ ചിത്രം
തിരുവനന്തപുരത്തെ ഓണത്തിരക്ക്/ ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡ് വ്യാപനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷവുമായി ബന്ധപ്പെട്ട് എത്രത്തോളം വ്യാപനമുണ്ടായി എന്നത് മനസ്സിലാവാനിരിക്കുന്നതേയുള്ളു.  ഇതൊക്കെയാണെങ്കിലും സംസ്ഥാനത്ത് കോവിഡ് വ്യാപനം മെച്ചപ്പെട്ട നിലയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നുണ്ട് എന്നതാണ് ഈ കഴിഞ്ഞ ദിവസങ്ങളിലെ താരതമ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏറ്റവും ഉയര്‍ന്ന രോഗബാധാ നിരക്ക് തലസ്ഥാനത്തു തന്നെയാണ്. ഇന്ന് 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് രോഗബാധിതരുടെ എണ്ണക്കൂടുതല്‍ വിരല്‍ചൂണ്ടുന്നത്. ഓണാവധി കഴിഞ്ഞതോടെ നഗരത്തിലും ഗ്രാമങ്ങളിലും ഒരുപോലെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലം ജില്ലയില്‍ അധികം രോഗബാധിതര്‍ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ്. തിരുവനന്തപുരത്തു നിന്നും രാത്രി കൊല്ലം തീരക്കടലില്‍ വള്ളങ്ങളിലെത്തി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയത് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പൊലീസ് സേനകളുടെ സംയുക്ത പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുടുംബങ്ങളിലെ രോഗബാധിതരല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കേന്ദ്രങ്ങളില്‍ സംരക്ഷണ സൗകര്യം ഒരുക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലയില്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ സെന്റിനല്‍ സര്‍വലൈന്‍സിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തും. 

ആലപ്പുഴയിലെ ക്ലസ്റ്ററുകളിലെല്ലാം സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ആന്റിജന്‍ പരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്തി ആവശ്യമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആന്റിജന്‍ പരിശോധനയ്ക്കായി 2 കോടി 80 ലക്ഷം രൂപ ചെലവഴിച്ച് 50,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകളും 23 കിയോസ്‌ക്കുകളും ജില്ല പഞ്ചായത്ത് സ്ഥാപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 190ലധികം ജീവനക്കാര്‍ ക്വാറന്റീനില്‍ പോയിരുന്നു. അത്യാഹിത വിഭാഗം, ഹൃദ്രോഗ വിഭാഗം, ട്രോമാ ഐസിയു, കാര്‍ഡിയാക് ഐസിയു, ലേബര്‍ റൂം, പീഡിയാട്രിക് ഐസിയു എല്ലാ വിഭാഗത്തിലെയും വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ച്ചയായി മരുന്ന് കഴിക്കുന്ന രോഗികള്‍ക്ക് രണ്ടു മാസം വേണ്ട മരുന്നുകള്‍ ഒപി ഫാര്‍മസിയില്‍ നിന്ന് നല്‍കുന്നുണ്ട്.

കോട്ടയം ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ജില്ലയില്‍ ദിവസം ശരാശരി 1500 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. നാലു വ്യവസായശാലകള്‍ പുതിയ കോവിഡ് ഇന്‍സിറ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയില്‍ 87 ശതമാനമാണ് രോഗമുക്തി.

എറണാകുളത്ത് ഫോര്‍ട്ട് കൊച്ചി, നെല്ലിക്കുഴി കോതമംഗലം ക്ലസ്റ്ററുകളില്‍ ആണ് രോഗവ്യാപനം ശക്തമായി തുടരുന്നത്. കോഴിക്കോട് ജില്ലയില്‍ തീരദേശമേഖലകളിലാണ് രോഗവ്യാപനം കൂടുതലും. ഒന്‍പത് ക്ലസ്റ്ററുകളുള്ളതില്‍ അഞ്ചെണ്ണവും തീരദേശത്താണ്. ചോറോട്, വെള്ളയില്‍, മുഖദാര്‍, കടലുണ്ടി മേഖലകളിലാണ് രോഗവ്യാപനം കൂടിവരുന്നത്. കടലുണ്ടിയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 70 പേര്‍ക്ക് രോഗം ബാധിച്ചു. രോഗപരിശോധനയ്ക്ക് ചില പ്രദേശങ്ങളില്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വയനാട് ജില്ലയില്‍ മേപ്പാടി ചൂരല്‍മല ക്ലസ്റ്ററില്‍ രോഗികള്‍ വര്‍ധിച്ചു വരികയാണ്. 858 പേരെ പരിശോധിച്ചതില്‍ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായ വാളാട് കേസുകള്‍ കുറഞ്ഞു വരുന്നുണ്ട്. ഇവിടെ 5065 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

കണ്ണൂര്‍ ജില്ലയില്‍ 15 ക്ലസ്റ്ററുകള്‍ ഉണ്ടായതില്‍ ആറെണ്ണമാണ് ആക്ടീവ് ആയി തുടരുന്നത്. ഇതില്‍ തലശ്ശേരി ഗോപാല്‍പേട്ട, തളിപ്പറമ്പ്, കണ്ണൂര്‍ തയ്യില്‍, കണ്ണര്‍ ഗവ. മെഡിക്കല്‍ കോളേജ്, മുഴപ്പിലങ്ങാട് എഫ്‌സിഐ എന്നിവയാണ് പ്രധാന ക്ലസ്റ്ററുകള്‍. പാട്യം ക്ലസ്റ്ററില്‍ കേസുകള്‍ കുറഞ്ഞുവരികയാണ്. മറ്റ് ഒമ്പത് ക്ലസ്റ്ററുകളില്‍ രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഇവിടെ പുതിയ കേസുകള്‍ ഉണ്ടാകുന്നില്ല.

കാസര്‍കോട് 276 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് മരണസംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ജില്ലയില്‍, മൂന്നാംഘട്ടത്തിലാണ് 42 പേര്‍ മരിച്ചത്. തീരദേശ പ്രദേശങ്ങളിലെ രോഗവ്യപനവും പ്രധാന വെല്ലുവിളിയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com