'ബിനീഷ് പറഞ്ഞതെല്ലാം കള്ളം; പണമിടപാട് സ്ഥാപനം തുടങ്ങിയതില്‍ ദുരൂഹത', അന്വേഷണം നടത്തിയാല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറെന്ന് പി കെ ഫിറോസ്

ബിനീഷ് കോടിയേരി പറഞ്ഞതെല്ലാം കള്ളമാണെന്നും ബിനീഷിന് എതിരെ കൂടുതല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഫിറോസ് അവകാശപ്പെട്ടു
'ബിനീഷ് പറഞ്ഞതെല്ലാം കള്ളം; പണമിടപാട് സ്ഥാപനം തുടങ്ങിയതില്‍ ദുരൂഹത', അന്വേഷണം നടത്തിയാല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറെന്ന് പി കെ ഫിറോസ്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് എതിരെ കൂടുതല്‍ ആരോപണങ്ങളുമായി മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്കുള്ള ബന്ധം കൂടുതല്‍ വ്യക്തമായെന്ന് ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.  ബിനീഷ് കോടിയേരി പറഞ്ഞതെല്ലാം കള്ളമാണെന്നും ബിനീഷിന് എതിരെ കൂടുതല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഫിറോസ് അവകാശപ്പെട്ടു. സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണെങ്കില്‍ തെളിവുകള്‍ നല്‍കാന്‍ യൂത്ത് ലീഗ് തയ്യാറാണെന്നും ഫിറോസ് വ്യക്തമാക്കി. 

ബിനീഷ് കോടിയേരി ബെംഗളൂരുവില്‍ പണമിടപാട് സ്ഥാപനം തുടങ്ങിയതില്‍ ദുരൂഹതയുണ്ട്. ഈ കമ്പനി സംശയത്തിന്റെ നിഴലിലാണ്. മയക്കുമരുന്ന് ഇടപാടുകള്‍ നടത്താനാണോ പണമിടപാട് സ്ഥാപനം തുടങ്ങിയതെന്ന് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. 

മയക്കുമരുന്ന മാഫിയയുമായി ബിനീഷ് കോടിയേരിക്കുള്ള പങ്ക് കൂടുതല്‍ വ്യക്തമായിട്ടുണ്ട്. പലതവണ ബിനീഷ് കോടിയേരിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ബെഗംളൂരു മയക്കുമരുക്ക് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് തന്നെ സമ്മതിച്ചിട്ടുണ്ട്. അനൂപ് മുഹമ്മദിന്റെ കത്തിച്ചു കളഞ്ഞ ഫോണിന്റെ കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്തിയാല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരും. 

ബിജെപിയുടെ ഭരണകാലത്ത് ഒരു സിപിഎം നേതാവിന്റെ മകന് മണി എക്‌സ്‌ചേഞ്ച് കമ്പനി തുടങ്ങാന്‍ എളുപ്പത്തില്‍ എങ്ങനെ അനുമതി ലഭിച്ചു എന്ന് അന്വേഷിക്കണം. 

2018ല്‍ തുടങ്ങിയ യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് പാര്‍ട്‌നര്‍ ബിനീഷിന്റെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. യുഎഎഫ്എക്‌സ് സൊല്യൂഷന്‍സാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷന്‍ നല്‍കിയതെന്ന് സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കസ്റ്റംസിനു മൊഴി നല്‍കിയതാണ്. ഈ ഇടപാടില്‍ ബിനീഷിന്റെ പങ്ക് അന്വേഷിക്കണം. മയക്കു മരുന്ന് കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലേക്ക് വരുന്ന മയക്കുമരുന്ന് ലോബിയുടെ അടിവേരറുക്കാനുള്ള ഈ സാഹചര്യം സര്‍ക്കാര്‍ ഉപയോഗിക്കണം.

യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് ഒറ്റത്തവണയും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സിപിഎമ്മിനെ യൂത്ത് ലീഗ് ആദ്യ ഘട്ടത്തില്‍ ഇതിലേക്ക് വലിച്ചിഴച്ചില്ല. പക്ഷേ പാര്‍ട്ടിയുടെ പങ്ക് ഇപ്പോള്‍ വ്യക്തമാണ്. ബിനീഷിനെ സിപിഎം സംരക്ഷിക്കുന്നു. മക്കള്‍ ചെയ്യുന്ന തെറ്റ് മറയ്ക്കാന്‍ സിപിഎം കേരളത്തെ വില്‍പ്പനക്ക് വെക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. മയക്കു മരുന്ന് കേസില്‍ പിടിയിലായ കോക്കാച്ചി മിഥുന്‍ എന്ന സിനിമ നടന്റെ കോള്‍ ലിസ്റ്റില്‍ ബിനീഷിന്റെ പേരുണ്ടായിരുന്നു, അതോടെ അന്വേഷണമവസാനിപ്പിച്ചു. യുഎഎഫ്എക്‌സ് സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക അന്വേഷണ ഏജന്‍സി കേരളത്തിലേക്ക് വരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. ആര് ആരുടെ ഒക്കച്ചങ്ങായിയാണെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രവും സംസ്ഥാനവും ഭായി ഭായി ബന്ധത്തിലാണ്. മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണോ ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നതെന്ന് യൂത്ത് ലീഗ് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മയക്കു മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ബിനീഷിന്റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്. ബിനീഷ് കോടിയേരിയുടെ സഹായത്തോടെയാണ് റെസ്‌റ്റോറന്റ് ആരംഭിച്ചതെന്ന് അനൂപിന്റെ മൊഴിയില്‍ വ്യക്തമായി. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ പോയില്ലെന്ന് ബിനീഷ് പറഞ്ഞെങ്കിലും ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ വന്നുവെന്നും ഫിറോസ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com