ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചേക്കും; പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് 

കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്ന ചര്‍ച്ചകള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും
ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചേക്കും; പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് 

കോട്ടയം: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ഉറപ്പാക്കുന്നതിനുള്ള ഭാഗമായാണ് നീക്കം. 

കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്ന ചര്‍ച്ചകള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. മുന്നണി മാറ്റം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. 

യുഡിഎഫിലേക്ക് മടക്കി കൊണ്ടുവരാന്‍ ശ്രമം നടന്നെങ്കിലും പി ജെ ജോസഫ് വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. പിന്നാലെ ഇടത് മുന്നണിയുമായി ജോസ് വിഭാഗം അടുക്കുന്നു എന്ന സൂചന ലഭിച്ചതോടെ കോണ്‍ഗ്രസ് നീക്കങ്ങളില്‍ നിന്ന് പിന്നോട്ട് പോയി. 

യുഡിഎഫ് വിട്ടാല്‍ ജോസ് കെ മാണി വിഭാഗം വഴിയാധാരമാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സിപിഐയും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് ജോസ് വിഭാഗത്തിന്റെ നീക്കം. 

ഇടതുപക്ഷ സഹകരണമാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ഭൂരിപക്ഷത്തിന്റേയും താത്പര്യം. ജോസഫ് പക്ഷത്ത് നിന്ന് മടങ്ങി വരാത്ത തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനവും സ്റ്റിയറിംഗ് കമ്മിറ്റിയിലുണ്ടാവും. കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com