സിസിടിവിയിൽ മുഖം കാണാതിരിക്കാൻ കൂളിങ് ​ഗ്ലാസ് വച്ച് മോഷണം; നടത്തം ചതിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

സിസിടിവിയിൽ മുഖം കാണാതിരിക്കാൻ കൂളിങ് ​ഗ്ലാസ് വച്ച് മോഷണം; നടത്തം ചതിച്ചു; രണ്ട് യുവാക്കൾ പിടിയിൽ
സിസിടിവിയിൽ മുഖം കാണാതിരിക്കാൻ കൂളിങ് ​ഗ്ലാസ് വച്ച് മോഷണം; നടത്തം ചതിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെയും ഇയാൾക്കൊപ്പം മറ്റൊരു മോഷണത്തിൽ പങ്കാളിയായ കൂട്ടാളിയെയും 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി അൽത്താഫ് (33) അരക്കിണർ സ്വദേശി ഷാനിൽ (25) എന്നിവരെ കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്.

രണ്ടാം ഗേറ്റിന് സമീപത്തെ കട കുത്തിത്തുറന്ന് ലോട്ടറി ടിക്കറ്റുകളും പണവും മോഷ്ടിച്ച കേസിൽ അൽത്താഫിനായി അന്വേഷണം നടത്തുകയായിരുന്നു പൊലീസ്. മുഖം സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ കൂളിങ് ഗ്ലാസ് ധരിച്ചായിരുന്നു മോഷണം. എന്നാൽ യുവാവിന്റെ നടത്തത്തിലെ ചില രീതികളാണ് അന്വേഷണം അൽത്താഫിലേക്ക് എത്തിച്ചത്. സംശയത്തെ തുടർന്ന് ഇയാളെ തിരഞ്ഞ പോലീസ് സംഘം അൽത്താഫിനെയും ഷാനിലിനെയും ഒരുമിച്ച് പിടികൂടുകയായിരുന്നു. 

ഇവരുടെ കൈയിൽ നിന്ന് രണ്ട് എയർ പിസ്റ്റളുകളും കണ്ടെടുത്തു. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്തെ കടയിൽ നിന്നാണ് ഇവർ പിസ്റ്റളുകൾ മോഷ്ടിച്ചത്. ഇതിന് കസബ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അജിത്ത് വർഗീസ് ഒളിവിലാണ്.

ഡിസിപി സുജിത്ത് ദാസ്, സൗത്ത് എസിപി എജെ ബാബു എന്നിവരുടെ നിർദേശമനുസരിച്ച് ടൗൺ പൊലീസ് ഇൻസ്പെക്ടർ എ ഉമേഷ്, എസ്ഐമാരായ കെടി ബിജിത്, വിവി അബ്ദുൽ സലീം, എഎസ്ഐ മുഹമ്മദ് സബീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ്, അനൂജ്, മുഹമ്മദ് ഷാഫി, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com