ലഹരികടത്ത് : 'ഡിജെ കോക്കാച്ചി'യുടെ വെളിപ്പെടുത്തല്‍ കൊച്ചി പൊലീസ് മുക്കി ; മര്‍ദിച്ചു മൊഴി തിരുത്തി, അന്വേഷണം 

കേസ് അന്വേഷിക്കുന്ന എന്‍സിബി വൈകാതെ മിഥുനെ ചോദ്യം ചെയ്യും
അനൂപ് മുഹമ്മദ്
അനൂപ് മുഹമ്മദ്

കൊച്ചി : കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി മരുന്നുകള്‍ എത്തിക്കുന്നത് അനൂപ് മുഹമ്മദ് കണ്ണിയായ ബംഗലൂരു റാക്കറ്റാണെന്ന രഹസ്യ വിവരം കേരള പൊലീസ് മുക്കിയതായി ആക്ഷേപം. 2015 മേയ് 26ന് ലഹരിമരുന്നു കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ മിഥുന്‍ സി വിലാസ് നല്‍കിയ നിര്‍ണായക മൊഴികളാണ് അന്നു കേസന്വേഷിച്ച പൊലീസ് സംഘം മുക്കിയത്.

കേരളത്തിലെ നിശാപാര്‍ട്ടികള്‍ക്ക് കൊക്കെയ്ന്‍, എല്‍എസ്ഡി അടക്കമുള്ള രാസലഹരികള്‍ എത്തിക്കുന്നത് അനൂപിന്റെ സംഘമാണെന്നാണ് ഡിസ്‌ക് ജോക്കി മിഥുന്‍ അഞ്ചുവര്‍ഷം മുമ്പ് വെളിപ്പെടുത്തിയത്. ഇതിനൊപ്പം മറ്റു ചിലരുടെ പേരുകള്‍ കൂടി പറഞ്ഞതോടെ പ്രകോപിതനായ അന്വേഷണ ഉദ്യോഗസ്ഥന്‍ മിഥുനെ മര്‍ദിച്ചു. പിന്നീട് ഇന്‍സ്‌പെക്ടര്‍ എഴുതി തയ്യാറാക്കിയ മൊഴിയില്‍ മിഥുനെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു. 

തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയ വിവരം മനസ്സിലാക്കിയ അനൂപിന്റെ സംഘത്തലവന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണില്‍ വിളിച്ചു പൊലീസ് കസ്റ്റഡിയിലായിരുന്ന മിഥുനോട് വധഭീഷണി മുഴക്കിയതായും കേന്ദ്ര നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് (എന്‍സിബി) വിവരം ലഭിച്ചിട്ടുണ്ട്.

സീരിയല്‍ നടി അനിഖ, അനൂപ് എന്നിവര്‍ക്കൊപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രന്‍, തന്നെ അനൂപിനു പരിചയപ്പെടുത്തിയതു 'ഡിജെ കോക്കാച്ചി' എന്നറിയപ്പെടുന്ന മിഥുന്‍, ഹക്കിം എന്നീ സുഹൃത്തുക്കളാണെന്ന് എന്‍സിബിക്കു മൊഴി നല്‍കിയിട്ടുണ്ട്. ഗോവയിലെ പുതുവര്‍ഷാഘോഷങ്ങള്‍ക്കിടയില്‍ 2015ലാണ് മിഥുന്‍, ഹക്കിം എന്നിവര്‍ക്കൊപ്പമുണ്ടായിരുന്ന അനൂപിനെ പരിചയപ്പെട്ടത്.

തുടര്‍ന്ന് ഗോവയില്‍ നിന്നു കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കു വന്‍തോതില്‍ ലഹരി കടത്തുന്ന റാക്കറ്റില്‍ റിജേഷ് അംഗമാകുകയായിരുന്നു. റിജേഷിന്റെ മൊഴികളില്‍ കൊച്ചി സ്വദേശിയായ മിഥുനെ കുറിച്ചു പരാമര്‍ശമുള്ള സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന എന്‍സിബി വൈകാതെ മിഥുനെ ചോദ്യം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com