ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍; പ്രതിപക്ഷത്തിന്റെ പിന്തുണ തേടി, മുഖ്യമന്ത്രി വിളിച്ചെന്ന് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th September 2020 01:41 PM |
Last Updated: 08th September 2020 01:49 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിലപാട് അറിയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ വിഷയത്തില്‍ അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചു.
നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മാത്രമല്ല, കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ല എന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഈ വിഷയം ഒരുമിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാം എന്നാവശ്യപ്പെട്ടാണ് യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി വിളിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണെങ്കില്‍, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതില്‍ പിന്തുണയ്ക്കാമെന്നാണ് യുഡിഎഫ് നിലപാട്.