ചെലവ് കുറഞ്ഞ ബ്ലഡ് ഫ്ളോ മീറ്റർ വികസിപ്പിച്ച് ശ്രീചിത്ര; ഹൃദയ ശസ്ത്രക്രിയ കൂടുതൽ സുരക്ഷിതമാക്കാം
By സമകാലിക മലയാളം ഡെസ് | Published: 08th September 2020 07:36 AM |
Last Updated: 08th September 2020 07:36 AM | A+A A- |

തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതമാക്കാൻ ലളിതവും ചെലവ് കുറഞ്ഞതുമായ ബ്ലഡ് ഫ്ളോ മീറ്റർ വികസിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി. ഹൃദയ ശസ്ത്രക്രിയകളുടെ വിജയം നിർണയിക്കുന്ന രക്ത പ്രവാഹ നിരക്ക് മനസ്സിലാക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് രാജ്യത്ത് തദ്ദേശീയമായി ബ്ലഡ് ഫ്ളോ മീറ്റർ വികസിപ്പിച്ചത്.
നിലവിൽ 30 ലക്ഷം രൂപ വരെ വിലയുള്ള ഇറക്കുമതി ചെയ്ത മീറ്ററുകളാണ് ഉപയോഗിക്കുന്നത്. 50,000 മുതൽ ഒരു ലക്ഷം രൂപ വരെ മാത്രം ചെലവു വരുന്ന മീറ്ററുകളാണു ശ്രീചിത്ര വികസിപ്പിച്ചത്. കൈയിൽ കൊണ്ടുനടക്കാവുന്നതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ ഉപകരണത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനായി സാങ്കേതികവിദ്യ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻപ്രോഡക്ട്സിന് കൈമാറി. പേറ്റന്റിനായി ശ്രീചിത്ര അപേക്ഷ സമർപ്പിച്ചു.
കാന്തിക മണ്ഡലം ഉണ്ടാക്കുന്നതിനുള്ള സംവിധാനം, ഇലക്ട്രോണിക് മെഷർമെന്റ് സിസ്റ്റം, ഇലക്ട്രോഡുകൾ ഘടിപ്പിച്ച ഒറ്റത്തവണ ഉപയോഗത്തിനുള്ള ട്യൂബ് എന്നിവയാണു പ്രധാന ഭാഗങ്ങൾ. കാന്തിക മണ്ഡലത്തിന്റെ പ്രഭാവത്തിൽ ട്യൂബിലൂടെ രക്തം കടന്നുപോകുമ്പോൾ ഇലക്ട്രോഡുകൾക്കിടയിൽ വോൾട്ടേജ് രൂപപ്പെടും. ഇതു രക്തപ്രവാഹ നിരക്കിന് ആനുപാതികമായിരിക്കും.