ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്, മാനേജര്‍ പൂക്കോയ തങ്ങള്‍ ഒളിവിലെന്ന് പൊലീസ്
By സമകാലികമലയാളം ഡെസ്‌ക് | Published: 08th September 2020 12:30 PM |
Last Updated: 08th September 2020 12:30 PM | A+A A- |

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്റെ വീട്ടില്‍ റെയ്ഡ്. എംഎല്‍എയുടെ കാസര്‍കോട് പടന്നയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ മാനേജര്‍ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും സമാന്തരമായി റെയ്ഡ് നടന്നു. റെയ്ഡ് നടക്കുന്ന സമയത്ത് ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നില്ല. പൂക്കോയ തങ്ങള്‍ ഒളിവിലെന്ന് ചന്തേര പൊലീസ് അറിയിച്ചു.
ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകള്‍ നിലവിലുണ്ട്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് എംഎല്‍എയുടെയും പൂക്കോയ തങ്ങളുടെയും വീട്ടില്‍ പരിശോധന നടത്തിയത്.
എംഎല്‍എയുടെ വീട്ടില്‍ ചന്തേര സിഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അതേസമയം നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എയ്ക്ക് എതിരായുള്ള പരാതികളുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ എല്ലാ പരാതികളും ഒറ്റ കേസായി പരിഗണിച്ചായിരിക്കും അന്വേഷണം നടത്തുക.