യുഡിഎഫ് നേതൃയോഗം ഇന്ന് ; കുട്ടനാട് ജോസഫിന് നല്‍കിയേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th September 2020 08:18 AM |
Last Updated: 08th September 2020 08:18 AM | A+A A- |

തിരുവനന്തപുരം : യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10.30 ന് ഓണ്‍ലൈനായിട്ടാണ് യോഗം ചേരുക. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായേക്കും. യോഗത്തിലേക്ക് ജോസ് കെ മാണിക്ക് ക്ഷണമില്ല.
കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകാൻ ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചേക്കും. 2016 ൽ മത്സരിച്ച ജേക്കബ് ഏബ്രഹാമിനെ വീണ്ടും മത്സരിപ്പിക്കാനാണു പി ജെ ജോസഫിന്റെ നീക്കം. സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യുഡിഎഫ് യോഗം കൈക്കൊള്ളും.
യുഡിഎഫിൽ ഏകാഭിപ്രായമുണ്ടായാൽ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കാം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി പി ജെ ജോസഫ് വിഭാഗം ഇന്ന് കുട്ടനാട്ടിൽ യോഗം ചേരുന്നുണ്ട്. യുഡിഎഫ് യോഗത്തിന് ശേഷം വൈകീട്ട് കുട്ടനാട് രാമങ്കരിയിലാണ് പി ജെ ജോസഫ് നേതൃയോഗം വിളിച്ചിരിക്കുന്നത്.
കുട്ടനാട് സീറ്റിൽ പി ജെ ജോസഫ് വിഭാഗം തന്നെ മത്സരിക്കട്ടേയെന്നാണ് യുഡിഎഫിലെ ധാരണ. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന നിർദ്ദേശം യൂത്ത് കോൺഗ്രസ് ഉൾപ്പെടെ ഉന്നയിച്ചെങ്കിലും പ്രതിപക്ഷ നേതാവ് ഉൾപ്പെടെ മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല. മുന്നണി സംവിധാനം കൂടുതൽ ശിഥിലമാക്കുന്ന തീരുമാനത്തിന് നിൽക്കേണ്ടെന്നാണ് മുസ്ലീം ലീഗ് അടക്കം ഘടകകക്ഷികളുടെയും നിർദേശം.