ജോസ് കെ മാണി ഇടത്തേക്ക് ; മുന്നണി പ്രവേശനം വൈകും ; നിലപാടില്‍ അയഞ്ഞ് സിപിഐ

ജോസ് കെ മാണി യുഡിഎഫ് വിട്ടാലും തിടുക്കത്തില്‍ ഇടതുമുന്നണി പ്രവേശനമുണ്ടാവില്ല
ജോസ് കെ മാണി ഇടത്തേക്ക് ; മുന്നണി പ്രവേശനം വൈകും ; നിലപാടില്‍ അയഞ്ഞ് സിപിഐ

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്കെന്ന് സൂചന. ജോസ് കെ മാണി എല്‍ ഡി എഫിലേക്ക് എത്താനുള്ള എല്ലാവിധ പിന്‍വാതില്‍ ചര്‍ച്ചകളും  പൂര്‍ത്തിയായി കഴിഞ്ഞു. ജോസ് യുഡിഎഫ് വിടുന്നത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇടതുനേതാക്കള്‍ സൂചിപ്പിക്കുന്നത്. 

ജോസ് കെ മാണി യുഡിഎഫ് വിട്ടാലും തിടുക്കത്തില്‍ ഇടതുമുന്നണി പ്രവേശനമുണ്ടാവില്ല. കടുത്ത ഇടതുവിരോധികളായ അണികളെ മുന്നണി വിടാനുള്ള സാഹചര്യം മനസിലാക്കിപ്പിക്കണം എന്നതാണ് സിപിഎം ജോസ് കെ മാണിക്ക് നല്‍കിയ നിര്‍ദേശം. യുഡിഎഫില്‍ നിന്ന് ലഭിച്ച രാജ്യസഭാ സീറ്റ് ജോസ് രാജിവെയ്ക്കുന്നതിന് പിന്നാലെ ഔപചാരിക ചര്‍ച്ചകള്‍ ആരംഭിക്കും. 

വരുന്ന  ഇടതുമുന്നണി യോഗത്തില്‍ ജോസ് കെ മാണിയെ മുന്നണിലെടുക്കുന്ന കാര്യം സിപിഎം മുന്നോട്ട് വെയ്ക്കും. ജോസിനെ കൂട്ടുന്നതില്‍ മുന്‍നിലപാടില്‍ നിന്നും സിപിഐ അയഞ്ഞതായാണ് സൂചന. പാര്‍ട്ടി സംവിധാനത്തില്‍ ആലോചിച്ച് മറുപടി അറിയിക്കാം എന്ന നിലപാട് സിപിഐ ഇടതു മുന്നണിയെ അറിയിച്ചേക്കും. 

സിപിഐയെ തൃപ്തിപ്പെടുത്തുന്ന ഫോര്‍മുലയാണ് സീറ്റ് വിഭജന കാര്യത്തില്‍  സിപിഎം മുന്നോട്ട് വെച്ചിരിക്കുന്നതാണ് സൂചന. പത്തോ അതിനടുത്തോ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് എന്നതാണ് സിപിഎം വാഗ്ദാനം. ജോസ് കെ മാണിയുടെ വരവോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിലും മലയോര മണ്ഡലങ്ങളിലും നേട്ടമുണ്ടാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. കെ എം മാണിയുടെ മരണത്തോടെ കോഴ വിവാദം ഇല്ലാതായെന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com