ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും ; നിർണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th September 2020 06:42 AM |
Last Updated: 09th September 2020 06:42 AM | A+A A- |
കൊച്ചി : സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകാൻ ബിനീഷിന് അന്വേഷണസംഘം നോട്ടീസ് നല്‍കി. രാവിലെ പതിനൊന്നുമണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ബിനീഷിന് പങ്കാളിത്തമുള്ള കമ്പനികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് നിർണായക നീക്കം
മൂന്നു കമ്പനികളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെ തുടർന്നാണ് ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സംശയ നിഴലിൽ വന്നത്. 2018 ൽ തുടങ്ങിയ യു എഎഫ് എക്സ് സൊല്യൂഷൻസൺസ്. ബിനീഷിന് പങ്കാളിത്തമുള്ള ഈ കമ്പനി വഴി കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വെളിപ്പെടുത്തിയിരുന്നു.
2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടുകമ്പനികളെ കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവിൽ 2015 ൽ രൂപീകരിക്കുകയും ഇടക്ക് അപ്രത്യക്ഷമാവുകയും ചെയ്ത രണ്ടു കമ്പനികളിലും ബിനീഷിനു പങ്കുണ്ട്. 2015 ജൂണിൽ തുടങ്ങിയ കമ്പനികൾ വാർഷിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
കള്ളപ്പണ ഇടപാടുകൾക്കും വിദേശകറൻസി കൈമാറ്റത്തിനും തുടങ്ങിയ കടലാസ് കമ്പനികൾ മാത്രമായിരുന്നു ഇവയെന്ന സംശയത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബംഗളൂരു ലഹരികടത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ഈ കമ്പനികളുടെ മറവിൽ വിദേശത്തും സ്വദേശത്തും കള്ളപ്പണ ഇടപാടുകൾ നടത്തിയതയും സൂചനയുണ്ട്. ഇവയിലൊക്കെ വ്യക്തത വരുത്താനാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് അന്വേഷണസംഘം വിളിപ്പിച്ചിരിക്കുന്നത്.
ബംഗളൂരു ലഹരികടത്തുകേസിൽ മലയാളിയായ മുഹമ്മദ് അനൂപിനെ നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയിരുന്നു. ഇയാള്‍ നിരവധി തവണ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ബിനീഷ് തന്റെ പാര്‍ട്ട്ണറാണെന്നും മുഹമ്മദ് അനൂപ് വ്യക്തമാക്കിയിരുന്നു. ഈ കേസിൽ നാർക്കോട്ടിക്സ് ബിനീഷിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.