സ്വര്‍ണക്കടത്ത്: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ പത്താം മണിക്കൂറിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th September 2020 08:04 PM |
Last Updated: 09th September 2020 08:04 PM | A+A A- |

കൊച്ചി: സ്വർണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ 9 മണിക്കൂർ പിന്നിട്ടു. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്‍റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
സ്വർണക്കടത്ത് കേസിലെ പ്രതികൾക്കു ബന്ധമുള്ള സ്ഥാപനങ്ങളിൽ ബിനീഷിനു പങ്കാളിത്തമുള്ളതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ബിനീഷിനോട് ആവശ്യപ്പെട്ടത്. ബിനീഷിന് ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്നും സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നുമുള്ള മൊഴി പുറത്തു വന്നിരുന്നു.
സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി യുഎഇ റെഡ് ക്രസന്റ് സഹായം നൽകുന്ന 140 ഫ്ലാറ്റുകളുടെ നിർമാണം, കോൺസുലേറ്റിലെ വീസ സ്റ്റാംപിങ് സെന്റർ എന്നിവയുടെ കമ്മിഷനായി വൻ തുക ലഭിച്ചതായി സ്വർണക്കടത്ത് കേസിലെ പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിലർ ബിനീഷിന്റെ പേര് വെളിപ്പെടുത്തിയതോടെയാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.