സ്വര്‍ണക്കടത്തിന് ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ സഹായിച്ചു ; 20 ലേറെ പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th September 2020 12:28 PM |
Last Updated: 09th September 2020 12:35 PM | A+A A- |
കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ബംഗളൂരു ലഹരിമരുന്ന് കേസിലെ കുറ്റാരോപിതര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഇരുപതിലേറെ പേരെ ചോദ്യം ചെയ്യണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ചോദ്യം ചെയ്യുന്ന ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യുന്നത്.
ബംഗളൂരു മയക്കുമരുന്ന് കേസില്‍ ആദ്യ മൂന്ന് പ്രതികളായ അനിഘ, അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവരെ നേരത്തെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് അനൂപ് മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് ആരംഭിക്കാന്‍ ബിനീഷ് ആറുലക്ഷം രൂപ നല്‍കിയിരുന്നതായും അനൂപ് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു.