അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു ; നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായി
chenni
chenni

തിരുവനന്തപുരം : വിവാദ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായി. അത്തരം ഒരു പരാമര്‍ശം ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ആറന്മുളയിലെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്തു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്. ലോകത്തിന്റെ മുന്നില്‍ കേരളത്തെ തീരാകളങ്കത്തിലേക്കു തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. കേരളീയ സമൂഹം ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലുമുണ്ടായിരിക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 


കേരളീയ സമൂഹം ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലുമുണ്ടായിരിക്കുന്നത്. കോവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായി.

എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.

അത്തരം ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. എന്റെ പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി മോശപ്പെട്ട പരാമര്‍ശം ഉണ്ടായിട്ടില്ല.

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായി. അത്തരം ഒരു പരാമര്‍ശം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാന്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്.
എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

സര്‍ക്കാര്‍ സംവിധാനത്തില്‍ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തില്‍ രണ്ട് യുവതികള്‍ പീഡനത്തിനു ഇരയായായത്. ആറന്മുളയിലെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്തു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.

ലോകത്തിന്റെ മുന്നില്‍ കേരളത്തെ തീരാകളങ്കത്തിലേക്കു തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com