വെഞ്ഞാറമൂട് ഇരട്ടക്കൊല : പ്രതികള്‍ ആയുധവുമായി വരുന്ന ദൃശ്യം ലഭിച്ചു ; ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് ; അന്വേഷണം കോന്നിയിലേക്കും

സംഭവത്തിന് ഒരാഴ്ച മുമ്പുവരെയും കൊലയ്ക്കുശേഷവും പ്രതികളുടെ കാള്‍ ഡീറ്റയില്‍സ് എടുത്തിരുന്നു
വെഞ്ഞാറമൂട് ഇരട്ടക്കൊല : പ്രതികള്‍ ആയുധവുമായി വരുന്ന ദൃശ്യം ലഭിച്ചു ; ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് ; അന്വേഷണം കോന്നിയിലേക്കും


തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ അന്വേഷണം കോന്നിയിലേക്ക് വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ്  കോന്നി കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതികളെ ഒളിവില്‍ താമസിപ്പിക്കാന്‍ കോന്നി തെരഞ്ഞെടുത്തു എന്ന വിവരത്തിന്റെ അടിസ്താനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. കസ്റ്റഡിയിലുള്ള പ്രീജയില്‍നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. 

പ്രതികളെ കോന്നിയിലേക്ക് കടത്തുന്നതിനിടെയാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക പ്രീജ അറസ്റ്റിലായത്. അമ്മയുടെ നാട് കോന്നിയായതിനാലാണ് അങ്ങോട്ട് പോയതെന്നാണ് പ്രീജയുടെ വിശദീകരണം. അടൂര്‍ പ്രകാശ് എംപിയുടെ തട്ടകം കൂടിയാണ് കോന്നി. പ്രതികളെ സഹായിച്ചത് അടൂര്‍ പ്രകാശാണെന്ന് സിപിഎം ആരോപിച്ചിരുന്നു. 

പ്രതികളുടെ മൊബൈല്‍ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് അയക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന് ഒരാഴ്ച മുമ്പുവരെയും കൊലയ്ക്കുശേഷവും ഇവരുടെ കാള്‍ ഡീറ്റയില്‍സ് എടുത്തിരുന്നു.  ഇതിന്റെ വിവരം ശേഖരിക്കാനാണ് ഫോണ്‍ സൈബര്‍ ഫോറന്‍സിക്കിന് അയക്കുന്നത്. ഇതിനായി കോടതിയെ സമീപിക്കും. വാട്ആപ്, ടെലിഗ്രാം വിവരങ്ങള്‍ കിട്ടാന്‍ കമ്പനി ലീഗല്‍ ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കും.

അതിനിടെ പ്രതികള്‍ ആയുധവുമായി വരുന്ന ദൃശ്യവും അന്വേഷണസംഘത്തിന് ലഭിച്ചു. പ്രതികള്‍ വരുന്നതും തിരികെ പോകുന്നതുമായി നാല് സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതില്‍ ഒരെണ്ണത്തില്‍ ആയുധവും കാണാം. സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ച സിസിടിവിയില്‍നിന്നാണ് 30ന് അര്‍ധരാത്രി പ്രതികള്‍ ഇരുചക്രവാഹനങ്ങളില്‍ വരുന്നതും കൊലയ്ക്കുശേഷം പ്രതികളെ വിവിധയിടങ്ങളില്‍ ഇറക്കുന്നതും കണ്ടെത്തിയത്.

ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യം നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. ഓഗസ്റ്റ് 30ന് രാത്രി 11.02ന് രണ്ട് ബൈക്കിലും ഒരു സ്‌കൂട്ടറിലുമായി പ്രതികള്‍ വെമ്പായം ഭാഗത്തുനിന്ന് മതപുരംവഴി തേമ്പാമൂട്ടിലെത്തുന്നു. ഒരു ബൈക്കില്‍ രണ്ടാളും മറ്റൊരു ബൈക്കിലും ഒരു സ്‌കൂട്ടിയിലും ഓരോരുത്തരുമാണ് എത്തിയത്. മദപുരത്തിനും തേമ്പാമൂടിനും ഇടയിലെ വീട്ടിലെ സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com