പ്രാണി കടിച്ച് അപൂർവ രോഗം; ആറ് വർഷത്തെ പോരാട്ടം മതിയാക്കി സാന്ദ്രമോൾ യാത്രയായി

വൃക്ക മാറ്റിവയ്ക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് മരണം
പ്രാണി കടിച്ച് അപൂർവ രോഗം; ആറ് വർഷത്തെ പോരാട്ടം മതിയാക്കി സാന്ദ്രമോൾ യാത്രയായി

അടൂർ: ലക്ഷം പേരിൽ ഒരാൾക്കു മാത്രം പിടിപെടുന്ന രോഗം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന സാന്ദ്രമോൾ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. രോഗ ബാധയെത്തുടർന്ന് തകരാറിലായ വൃക്ക മാറ്റിവയ്ക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് മരണം. അടൂർ സ്വദേശികളായ ജയ്സൺ തോമസിന്റെയും ബിജി അഗസ്റ്റിന്റെയും മൂത്ത മകളായ സാന്ദ്ര ആൻ ജയ്സൺ(18) ആണ് മരിച്ചത്.

2014ൽ അവധിക്കാലത്ത് ഷാർജയിൽ നിന്ന് അടൂരിലെ വീട്ടിലെത്തിയപ്പോഴാണ് സാന്ദ്ര പ്രത്യേക ഇനം പ്രാണി കടിച്ചത്. ഹെനോക് സ്കോളിൻ പർപ്യൂറ എന്ന അപൂർവ രോഗമാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ചികിത്സ നടത്തി ഭേദമായതോടെ ഷാർജയിലേക്ക് മടങ്ങിയെങ്കിലും ദിവസങ്ങൾക്കകം രോഗം വീണ്ടും കൂടുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തു.

2019ലാണ് സാന്ദ്രയുടെ ഇരു വൃക്കകളും തകരാറിലായതായി കണ്ടെത്തിയത്. ഷാർജയിലെ ഒരു ആശുപത്രിയിൽ നിത്യേന 11 മണിക്കൂർ ഡയാലിസിസ് നടത്തിയാണ് ജീവൻ പിടിച്ചു നിർത്തിയത്. രോഗക്കിടക്കയിലായിരുന്നെങ്കിലും സാന്ദ്ര സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 76% മാർക്ക് നേടി. സൈക്കോളജിസ്റ്റാകാനുള്ള മോഹം ബാക്കിയാക്കിയാണ് സാന്ദ്ര യാത്രയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com