9 ദിവസത്തിനിടെ 479 പേര്‍ക്ക് കോവിഡ് ; സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം

കഴിഞ്ഞ നാലുദിവസത്തിനിടെ 288 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
9 ദിവസത്തിനിടെ 479 പേര്‍ക്ക് കോവിഡ് ; സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷമാകുന്നു. ഈ മാസം കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ 479 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുദിവസത്തിനിടെ 288 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ബുധനാഴ്ച കേരളത്തില്‍ റെക്കോഡ് രോഗബാധിതരാണ് ഉണ്ടായത്. 3402 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ 12 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 384 ആണ്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുന്നത് പ്രതിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടം നിര്‍ണയക ഘട്ടത്തിലേക്ക് കടക്കുന്ന വേളയില്‍, മുന്‍നിര പോരാളികള്‍ രോഗബാധിതരായി ക്വാറന്റീനിലാകുന്നത് സംസ്ഥാനത്തിന് താങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിശോധന കൂടുന്നതിന് അനുസരിച്ച് രോഗികളുടെ എണ്ണവും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ പറഞ്ഞു. റിസ്‌ക് കണക്കിലെടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കണം. കഠിനമായ ശ്വാസകോശ സംബന്ധമായ അണുബാധയും ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖവുമുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധയ്ക്ക് വിധേയരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com