അബോധാവസ്ഥയിലായ ഭർത്താവിനെ അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിക്കൊണ്ടു പോയി; പരാതിയുമായി ഭാര്യ

അബോധാവസ്ഥയിലായ ഭർത്താവിനെ അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിക്കൊണ്ടു പോയി; പരാതിയുമായി ഭാര്യ
അബോധാവസ്ഥയിലായ ഭർത്താവിനെ അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിക്കൊണ്ടു പോയി; പരാതിയുമായി ഭാര്യ

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് അ​ബോധാവസ്ഥയിലായ ഭർത്താവിനെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കടത്തിക്കൊണ്ടു പോയതായി ഭാര്യയുടെ പരാതി. ഭർതൃ മാതാവും  ബന്ധുക്കളും ചേർന്ന് ഭർത്താവിനെ അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടു പോയതായും പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് മടവൂർ പുലിയൂർക്കോണം മാങ്കുഴി പ്രീതി ഭവനിൽ പ്രിയ, മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ചടയമംഗലം പൊലീസ്, കൊട്ടാരക്കര ഇൻസ്പെക്ടർ എന്നിവർക്ക് പരാതി നൽകി.

പരാതിയിൽ പറയുന്നതിങ്ങനെ- പ്രിയയുടെ ഭർത്താവ് അനസിന് 2020 മേയ് 11ന് കിളിമാനൂർ കുറവൻകുഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ പ്രിയയ്ക്കും ആദ്യ വിവാഹത്തിലെ മകനും കോവിഡ് പിടിപെട്ടു. ഇവർ ക്വാറന്റൈനിൽ പോയപ്പോൾ  അനസിന്റെ മാതാവാണു പരിചരണത്തിനു നിന്നത്.  

ഓഗസ്റ്റ് 23ന്  മാതാവ് ഡിസ്ചാർജ് വാങ്ങി കടയ്ക്കൽ ഗവ. ആശുപത്രിയിലേക്ക് കൊണ്ടു പോയി. അസുഖം ഭേദമായി കടയ്ക്കൽആശുപത്രിയിൽ പോയെങ്കിലും  മാതാവ് കാണുവാൻ അനുവദിച്ചില്ല. തുടർന്നു ഡോക്ടറുമായി ബന്ധപ്പെട്ടു. അനസിനെ പിറ്റേദിവസം പാലിയേറ്റീവ് കെയറിലേക്ക് മാറ്റുമെന്നും തിങ്കളാഴ്ച ആശുപത്രിയിൽ എത്താനും പറഞ്ഞു. എന്നാൽ തിങ്കളാഴ്ചയും ഭർത്താവിനെ കാണാനായില്ല.

ഡോക്ടറുടെ നിർദേശത്തിന് വിരുദ്ധമായി ശനിയാഴ്ച നിർബന്ധിത ഡിസ്ചാർജ് വാങ്ങി ഏതോ അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. വാഹനപകടം ഉണ്ടായ അന്നു മുതൽ താനും മകനും സഹോദരനും കൂടിയാണ് അനസിനെ ചികിത്സിച്ചത്. ഏകദേശം 15 ലക്ഷത്തോളം രൂപ ചികിത്സയ്ക്ക് ചെലവായി. ഈ കാലയളവിൽ അനസിന്റെ വീട്ടിൽ നിന്ന് ആരും ആശുപത്രിയിൽ വന്നില്ല.

സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം 2013 ഏപ്രിൽ 13ന് ആണ് അനസും പ്രിയയും വിവാഹിതരായത്. പ്രിയയുടെ രണ്ടാം വിവാഹമാണ്. ഭർത്താവിനെ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കുവാൻ തന്നെ അനുവദിച്ച് ഭർത്താവിന്റ ജീവൻ രക്ഷിക്കണമെന്നും പരാതിയിൽ പറയുന്നു. ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കപ്പെടുമ്പോൾ കൂടെയുള്ള വ്യക്തി അറിയാതെ രോഗിയെ നിർബന്ധമായി ഡിസ്ചാർജ് ചെയ്തത് ചട്ടവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com