ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്ന സംശയം അതീവ ഗുരുതരം; ജലീല്‍ രാജിവയ്ക്കുംവരെ സന്ധിയില്ലാ സമരമെന്ന് സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th September 2020 07:55 PM |
Last Updated: 11th September 2020 07:55 PM | A+A A- |

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് ഉറപ്പായിരിക്കുകയാണെനന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് വിമര്‍ശനവുമായി സുരേന്ദ്രന്‍ രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമാമായാണ് ഒരു മന്ത്രിയെ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് രഹസ്യമായി ചോദ്യം ചെയ്യുന്നത്. ജലീലിന് എതിരായ കുറ്റം രാജ്യത്തെ നടുക്കിയ അന്താരാഷ്ട്ര സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്ന സംശയം അതീവ ഗൗരവമായി നിലനില്‍ക്കുകയാണ്. യുഎഇ കോണ്‍സുലേറ്റുമായും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായും ജലീലിനുള്ള നിരന്തരമുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
അദ്ദേഹം കടത്തിയ ഖുറാന്റെ തൂക്കവും യഥാര്‍ത്ഥത്തില്‍ കസ്റ്റംസ് വഴി ക്ലിയര്‍ ചെയ്ത പാര്‍സലിന്റെ തൂക്കവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായി. ആരോപണങ്ങള്‍ക്ക് ജലീലില്‍ വസ്തുതാപരമായ വിശദീകരണം നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ദുരൂഹവും സംശയാസ്പദവുമാണ്- സുരേന്ദ്രന്‍ പറഞ്ഞു.
ഇഡി ചോദ്യം ചെയ്തിട്ടും ജലീലിനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കത്തത് സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിലെ മറ്റുള്ളവര്‍ക്കും പങ്കുണ്ടോയെന്ന സംശയമാണ് ജനിപ്പിക്കുന്നത്.
ആദ്യംമുതല്‍ മുഖ്യമന്ത്രി ജലീലനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ശിവശങ്കറെ മാറ്റി നിര്‍ത്തിയ പിണറായി ജലീലിനെ ഇ ഡി ചോദ്യം ചെയ്തിട്ടും സംരക്ഷിക്കുന്നത് എന്തിനാണ്? ശിവശങ്കറിനോട് ഒരു നീതിയും ജലീലിനോട് മറ്റൊരു നീതിയും കാണിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നുരാത്രി മുതല്‍ ബിജെപി സന്ധിയില്ലാ സമരം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.