കാര്‍ വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടു; ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍; 'ആരുമറിയാതെ' ചോദ്യം ചെയ്യല്‍

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍.
കാര്‍ വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടു; ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍; 'ആരുമറിയാതെ' ചോദ്യം ചെയ്യല്‍

കൊച്ചി: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍. ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത് നിര്‍ത്തിയിട്ടു. അവിടെ നിന്ന് സ്വകാര്യവാഹനത്തില്‍ ഇ ഡി ഓഫിസിലേക്ക് പോവുകയായിരുന്നെന്നാണ് വിവരം. ജലീലിനെ ചോദ്യംചെയ്ത വിവരം വെള്ളിയാഴ്ച വൈകുന്നേരത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് മേധാവി വെളിപ്പെടുത്തുകയായിരുന്നു. 

കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ്് ഓഫിസിലായിരുന്നു നടപടി. വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ചോദ്യം ചെയ്തതെന്നാണ് സ്ഥിരീകരണം. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്ര മാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളാണ് ജലീലിനോട് ഇഡി ചോദിച്ചറിഞ്ഞത്.

ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ മന്ത്രി മലപ്പുറത്തേക്ക് മടങ്ങി. മന്ത്രിയെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നതോടെ വിമര്‍ശനങ്ങളുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. കെ ടി ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ധാര്‍മ്മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ രാജിവെയ്ക്കാന്‍ ജലീല്‍ തയ്യാറാവണമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കെ ടി ജലീലിനെ സംരക്ഷിക്കുകയാണെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രി രാജിവയ്ക്കുന്നതുവരെ ബിജെപി സന്ധിയില്ലാ സമരം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com