കൊലയ്ക്ക് മുമ്പ് സ്ഥലത്തെത്തിയത് ആര് ? ; വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു, കേസില്‍ വഴിത്തിരിവ്

അക്രമണത്തിന് മുമ്പ് തേമ്പാമൂട് ജംഗ്ഷനില്‍ ഇരുചക്രവാഹനത്തില്‍ രണ്ടു തവണ വന്നുപോയ ആളെ തെരയുകയാണ് അന്വേഷണ സംഘം
കൊലയ്ക്ക് മുമ്പ് സ്ഥലത്തെത്തിയത് ആര് ? ; വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു, കേസില്‍ വഴിത്തിരിവ്

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കൊലപാതകത്തിന് കാരണമായ ഏറ്റുമുട്ടലില്‍ കൃത്യമായ ഗൂഢാലോചന ഉണ്ടായതായാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ടവരുടെ സംഘത്തെയും കൊലയാളി സംഘത്തെയും തമ്മിലടിപ്പിക്കാന്‍ ആരോ ബോധപൂര്‍വം ശ്രമിച്ചു എന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. 

അക്രമണത്തിന് മുമ്പ് തേമ്പാമൂട് ജംഗ്ഷനില്‍ ഇരുചക്രവാഹനത്തില്‍ രണ്ടു തവണ വന്നുപോയ ആളെ തെരയുകയാണ് അന്വേഷണ സംഘം. കൊല്ലപ്പെട്ടവരുടയും കൊലയാളികളുടെയും കയ്യില്‍ എങ്ങനെ ആയുധങ്ങള്‍ വന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇരു കൂട്ടരുടെയും കുടിപ്പക മുതലെടുക്കാന്‍ ആരോ ശ്രമിച്ചിരുന്നതായാണ് പൊലീസിന്റെ നിഗമനം. 

കൊല്ലപ്പെട്ട മിഥിലാജും ഹക്ക് മുഹമ്മദും അടങ്ങുന്ന സംഘം കന്യാകുളങ്ങര ജംഗ്ഷനില്‍ നിന്നും ആക്രമിക്കാന്‍ വരുന്നതായി കൊലയാളി സംഘത്തിന് ഇയാള്‍ സൂചന നല്‍കി. ഇതനുസരിച്ച് കൊലയാളി സംഘം ആയുധങ്ങളുമായി കാത്തിരുന്നു. ഇതേസമയം തന്നെ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് മിഥിലാജിനും കൂട്ടര്‍ക്കും വിവരം ലഭിച്ചു. രണ്ടു സംഘത്തിനും ഈ വിവരം കൈമാറിയത് ഒരേ ആള്‍ തന്നെയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

കൊല്ലപ്പെട്ടവരുടെ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരുടെയും പ്രതികളുടെയും മൊഴികളില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചത്. ഇരുകൂട്ടരെയും തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചയാളെ കണ്ടെത്തുന്നതിന്റെ ഭാഗമായി, ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ എല്ലാം ടെലഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com